Navigation
Recent News

അമല- പറപ്പൂര്‍- പാങ്ങ് വഴി ഗുരുവായൂര്‍ റൂട്ടിലെ ഫെയര്‍‌സ്റ്റേജ് കൊള്ള 14 ലക്ഷം


തൃശ്ശൂരില്‍നിന്ന് അമല- പറപ്പൂര്‍- പാങ്ങ് വഴി ഗുരുവായൂരിലേക്കുള്ള യാത്രയില്‍ പറപ്പൂരിലിറങ്ങുന്ന യാത്രികരില്‍നിന്ന് ബസ്സുകള്‍ ഈടാക്കുന്ന അധികതുക ഒഴിവാക്കാന്‍ നടപടിയില്ല. ഒരു യാത്രയില്‍ അധികം നല്‍കേണ്ട നാലുരൂപ കണക്കാക്കിയാല്‍ പ്രതിവര്‍ഷം 1.2 ലക്ഷം പേരെത്തുന്ന റൂട്ടില്‍ 14 ലക്ഷത്തിലേറെ രൂപയാണ് യാത്രികരുടെ കീശയില്‍നിന്ന് ചോരുന്നത്.
തൃശ്ശൂര്‍ -ഗുരുവായൂര്‍ റൂട്ടില്‍ പറപ്പൂരില്‍ ഇറങ്ങുന്നവരും ഇവിടെനിന്ന് തൃശ്ശൂരിലേക്കും ഗുരുവായൂരിലേക്കും ബസ്സില്‍ കയറുന്നവരുമാണ് അധികതുക നല്‍കേണ്ടി വരുന്നത്. 2011 നവംമ്പര്‍ 21ന് മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പറപ്പൂര്‍ ബസ് പാസഞ്ചേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഒ. സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയിലായിരുന്നു കമ്മീഷന്‍ അംഗം ആര്‍. നടരാജന്റെ ഉത്തരവ്.

റൂട്ടില്‍ രണ്ട് ഫെയര്‍‌സ്റ്റേജുകള്‍ അധികമായി ഉണ്ടെന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ (ആര്‍.ടി.ഒ.) രേഖാമൂലമുള്ള മറുപടിയുടെ പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
1973 ലാണ് അവസാനമായി റൂട്ടില്‍ ഫെയര്‍‌സ്റ്റേജ് നിര്‍ണയിച്ചതെന്നും സ്വകാര്യബസ്സുകളും കെ.എസ്.ആര്‍.ടി.സി.യും ഒരേ തുകയാണ് ഈടാക്കുന്നതെന്നും ആര്‍.ടി.ഒ. അറിയിച്ചിരുന്നു. എന്നാല്‍, മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശം നടപ്പിലാക്കേണ്ട റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍.ടി.എ.) യുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ നിയമം അനുസരിച്ചുള്ള ഫെയര്‍‌സ്റ്റേജ് പട്ടിക ആര്‍.ടി.ഒ.യുടെ മുദ്രയോടുകൂടി ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് 2015 ഫിബ്രവരി 16ന് ഹൈക്കോടതി ഉത്തരവിട്ടു. യാത്രക്കാരില്‍നിന്ന് അംഗീകൃത തുക തന്നെയാണ് ബസ് ജീവനക്കാര്‍ വാങ്ങുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍ ഉത്തരവിറങ്ങി ഒരുവര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും ഇപ്പോഴും യാത്രികരില്‍നിന്ന് അധികതുക തന്നെയാണ് ഈടാക്കി വരുന്നത്.

കോടതി നിര്‍ദ്ദേശപ്രകാരമുള്ള നടപടിക്ക് ആര്‍.ടി.എ. തയ്യാറാവാത്തതാണ് പ്രശ്‌നപരിഹാരമുണ്ടാവാത്തതിന് കാരണമായി പാസഞ്ചേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്. വിധി നടപ്പാക്കിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യാത്രികര്‍.


ന്യൂസ്‌ മാതൃഭൂമി 


Share
Banner

EC Thrissur

Post A Comment:

0 comments: