നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷം എളവള്ളി റെയില്‍വേ ഹാള്‍ട്ടിങ് സ്റ്റേഷന് അനുമതിയായി. അനുമതിക്കത്ത് ചെന്നൈയിലെ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഓഫീസില്‍നിന്ന് എളവള്ളി പഞ്ചായത്തോഫീസില്‍ ലഭിച്ചു.
റെയില്‍വേ ഹാള്‍ട്ടിങ് സ്റ്റേഷന് പച്ചക്കൊടിയായതോടെ ദ്രുതഗതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എളവള്ളി പഞ്ചായത്തധികൃതര്‍ പറഞ്ഞു. ചിറ്റാട്ടുകര കിഴക്കേത്തല റെയില്‍വേ ഗേറ്റുമുതല്‍ മേനോന്‍പടിവരെയുള്ള 400 മീറ്ററിലാണ് ഹാള്‍ട്ടിങ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. ഇതിനാവശ്യമായ എസ്റ്റിമേറ്റ് റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. കെട്ടിടസമുച്ചയം, ടിക്കറ്റ് കൗണ്ടര്‍, കാത്തിരിപ്പുകേന്ദ്രം, പാലം, സമീപറോഡ് എന്നിവ നിര്‍മിക്കും. മൂന്നേക്കര്‍ ഭൂമിയാണ് സ്റ്റേഷന്‍ നിര്‍മാണത്തിനായി പഞ്ചായത്ത് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ ആധാരങ്ങള്‍ പഞ്ചായത്ത് ശേഖരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ സ്ഥലത്തിന് വിലനിശ്ചയിച്ച് ഉടമകള്‍ക്കു നല്‍കും. 3.25 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
മൂന്നുപഞ്ചായത്തുകള്‍ക്ക് പ്രയോജനം
എളവള്ളി: സ്റ്റേഷന്‍ വരുന്നതോടെ എളവള്ളി, പാവറട്ടി, കണ്ടാണശേരി പഞ്ചായത്തുകളിലെ നിവാസികള്‍ക്ക് യാത്ര ഏറെ എളുപ്പമാവും. ഏകദേശം ഇരുപത്തയ്യായിരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏറ്റവും കുറഞ്ഞനിരക്കില്‍ 15 മിനിറ്റിനുള്ളില്‍ തൃശ്ശൂരില്‍ എത്താനാകും. ബസുറൂട്ട് കുറഞ്ഞ എളവള്ളി-കണ്ടാണശ്ശേരി മേഖലയിലുള്ളവര്‍ക്കാണ് ഏറെ ഉപകാരപ്രദം. വാണിജ്യ -വ്യവസായ രംഗത്തും വലിയ മാറ്റമാണുണ്ടാകുക.
Post A Comment:
0 comments: