Navigation
Recent News

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, മുല്ലശ്ശേരി ബ്ളോക്കിലാണ് പാവറട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെന്‍മെനാട്, പാവറട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിന് 9.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൈക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് എളവള്ളി പഞ്ചായത്തും, തെക്കുഭാഗത്ത് മുല്ലശ്ശേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കായലും തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്തുമാണ്. പഴയ ബ്രീട്ടിഷ് മലബാറില്‍ പാവറട്ടി, വെന്‍മെനാട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങള്‍ ഏകീകരിച്ചുകൊണ്ടാണ് 1953-ല്‍ പാവറട്ടി പഞ്ചായത്ത് രൂപീകൃതമായത്. വെന്‍മെനാട് വില്ലേജ് വെന്‍മെനാട് പഞ്ചായത്തും, പാവറട്ടി വില്ലേജ് പാവറട്ടി പഞ്ചായത്തും ആയി നിലനിന്നിരുന്ന പഴയകാലത്ത് 50 രൂപ വരെയുള്ള സിവില്‍കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും ചെറിയ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനും അധികാരമുണ്ടായിരുന്ന വില്ലേജുകോടതികള്‍ പ്രവര്‍ത്തിച്ചിരുന്നു.

സമതലഭൂപ്രകൃതിയുള്ള പാവറട്ടിയുടെ പടിഞ്ഞാറുഭാഗം കായല്‍പ്രദേശമാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയില്‍ ഏകദേശം 12 ശതമാനത്തോളം കായല്‍പ്രദേശമാണ്. കിഴക്കു നിന്ന് പടിഞ്ഞാറുദിശയിലേക്ക് പോകുന്തോറും ചെരിവ് പ്രകടമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗത്തെ സമതലവും കായല്‍നിരപ്പിലെ ഭൂപ്രദേശവുമായി ഏതാണ്ട് ഒന്നര മീറ്ററോളം ഉയരവ്യത്യാസമുണ്ട്. പാവറട്ടിയില്‍ കാണപ്പെടുന്ന മുഖ്യമണ്‍തരം മണല്‍മണ്ണാണ്.

 പാവറട്ടി എന്ന സ്ഥലനാമത്തിനു പിന്നില്‍ നിരവധി കഥകളാണ് പഴമക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.വസ്ത്രങ്ങള്‍ നെയ്യാന്‍ ഇവിടെയുണ്ടായിരുന്ന നെയ്ത്തുകാര്‍ പതിവുള്ളതിന്റെ ഇരട്ടി പാവ് ഉപയോഗിച്ചു വന്നിരുന്നതിനാല്‍ ഈ സ്ഥലത്തിന് പാവിരട്ടിയുള്ള സ്ഥലമെന്നു വിളിപ്പേര്‍ വന്നുവെന്നും അത് കാലാന്തരത്തില്‍ പാവറട്ടിയെന്നായി ലോപിച്ചുവെന്നുമാണ് പ്രധാന സ്ഥലനാമകഥ.

ഒരു സ്ത്രീ പാവയുടെ രൂപത്തിലുള്ള റൊട്ടിയുണ്ടാക്കി വിറ്റിരുന്നതിനാലാണ് ഈ സ്ഥലം പാവറട്ടിയായതെന്നും, പാവപ്പെട്ടവര്‍ താമസിച്ചിരുന്ന സ്ഥലമായതിനാല്‍ പൊവര്‍ട്ടി എന്നതിനോട് സാമ്യമുള്ള പാവറട്ടി എന്ന പേരു നല്‍കപ്പെട്ടു എന്നുമൊക്കെ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്.

പഴയ ബ്രീട്ടിഷ് മലബാറിന്റെ ഭാഗമായിരുന്ന ഇവിടെ, ചാവക്കാടു നിന്ന് ഏനമാവു വരെ നീളുന്ന പാത കടന്നുപോയിരുന്ന പാവറട്ടി സെന്ററിനു സമീപത്തായി അക്കാലത്ത് ഒരു കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് പാവറട്ടി സെന്ററിനെ മുന്‍കാലത്ത് കാപ്പുര(കാവല്‍പുര) എന്നും വിളിച്ചിരുന്നു.

അന്നത്തെ കാപ്പുരയും അതിനുസമീപത്തെ പ്രദേശങ്ങളും വളര്‍ന്നുവികസിച്ചതാണ് ഇന്നത്തെ പാവറട്ടി സെന്റര്‍. 

കരമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ പാവറട്ടിയില്‍ ആദ്യമുണ്ടായിരുന്ന മേല്‍പ്പറഞ്ഞ പാത ചെമ്മണ്‍പാതയായിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ആഴമേറിയ തോടുകളും പന്തലിച്ച കുറ്റിക്കാടുകളും പാവറട്ടിയുടെ പ്രധാന പ്രത്യേകതകളായിരുന്നു.

മുന്‍കാലങ്ങളില്‍ ഭൂരിഭാഗമാളുകളും കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരായിരുന്നു. കൊച്ചിയില്‍ നിന്നും പൊന്നാനി വരെയുള്ള ജലപാതയുടെ കൈവഴിയായ പെരിങ്ങാട്ട് കടവ്, പാവറട്ടിയുടെ ബാഹ്യലോകത്തേക്കുള്ള ജലഗതാഗതകവാടമായിരുന്നു. കൊച്ചിയില്‍ നിന്നും പാവറട്ടിയിലേക്കുള്ള ചരക്കുകള്‍ വന്നിറങ്ങിയിരുന്നത് ആ കവാടത്തിലൂടെയായിരുന്നു.

വിദ്യാഭ്യാസത്തിന് ഒരു ജനതയുടെ സംസ്ക്കാരികജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നുള്ളതിന് പ്രത്യക്ഷോദാഹരണമാണ് ഈ പഞ്ചായത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്ന ആരംഭിച്ച സെന്റ് ജോസഫ്സ് ഹൈസ്കൂളും സംസ്കൃതവിദ്യാപീഠവും മുപ്പതുകളില്‍ ആരംഭിച്ച ക്രൈസ്റ് കിങ്ങ് സെന്റ് ജോസഫ്സ് സ്ക്കുളും പഞ്ചായത്തിന്റെ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലേതിനേക്കാള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയത് ജനതയുടെ മാനസികമായ വികാസത്തിലും സംസ്കാരികമായ ഉന്നമനത്തിലുമാണ്.

1905-ല്‍ സെന്റ് തോമസ് കര്‍മ്മലീത്തസഭ സ്ഥാപിച്ച സെന്റ് ജോസഫ്സ് സ്കൂളും, സംസ്കൃത പ്രണയഭാജനം എന്നറിയപ്പെട്ടിരുന്ന പി.ടി.കുരിയാക്കോസ് മാസ്റ്റര്‍ 1909-ല്‍ സ്ഥാപിച്ച്, പില്‍കാലത്ത് സംസ്കൃതകോളേജായി മാറിയ സ്കൂളും 1936-ല്‍ കമ്മലീത്തസന്യാസിനികളുടെ ക്രൈസ്റ്റ് കിങ്ങ് കോണ്‍വെന്റ് പെണ്‍കുട്ടികള്‍ക്കായി സ്ഥാപിച്ച സ്കൂളും പാവറട്ടിയുടെ സാംസ്കാരിക-വിദ്യാഭ്യാസമേഖലകളെ വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

വെണ്മനാട് ജുമാ മസ്ജിദിന് ഏതാണ്ട് 650 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇവിടുത്തെ ചന്ദ്രത്തില്‍ നേര്‍ച്ചയുല്‍സവം നാനാജാതിമതസ്ഥരും ചേര്‍ന്ന് കൊണ്ടാടുന്നു. മുല്ലശ്ശേരി ബ്ളോക്കിലെ ഇതരപഞ്ചായത്തുകളെ അപേക്ഷിച്ച് പാവറട്ടി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കൂടുതലുള്ള ഒരു പഞ്ചായത്താണ്.

ദേശീയപ്രസ്ഥാനകാലഘട്ടം മുതല്‍ നിരവധി സമുന്നതരായ നേതാക്കളുടെയും വ്യക്തികളും ഇവിടെ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതുവെ ഉച്ചനീച്ചത്വങ്ങള്‍ക്ക് സ്ഥാനമില്ലാത്ത, ഏകോദര സഹോദര്യത്തോടെ ജീവിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. പൌരാണികത്വവും പ്രാമാണികത്വവും അവകാശപ്പെടാവുന്ന ക്രൈസ്തവദേവാലയങ്ങളാണ് പാവറട്ടി ഇടവകപ്പള്ളിയും ഗോവേന്തപ്പള്ളിയും. 1876-ലാണ് ആദ്യമായി പാവറട്ടിയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുന്നത്. 1890-ല്‍ ഇന്നുള്ള ഗോവേന്തയുടെ ശിലാസ്ഥാപനം നടന്നു.

പാവറട്ടി യൌസേപ്പിതാവിന്റെ ദേവാലയം അഖിലേന്ത്യാപ്രശസ്തമാണ്. ഈസ്റ്ററിനുശേഷം വരുന്ന മൂന്നാം ഞായറാഴ്ച നടക്കുന്ന പ്രശസ്തമായ പാവറട്ടി തിരുനാള്‍ മതസൌഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണ്. ജാതിമതഭേദമന്യേ പാവറട്ടിയിലെ മുഴുവന്‍ ആളുകളും ഈ ഉത്സവത്തെ ഒരു ദേശീയഘോഷമാക്കി മാറ്റുന്നു. കേരളത്തിനു പുറത്തുനിന്നുപോലും ഭക്തര്‍ എത്തുന്ന ഉത്സവമാണിത്. 

1958-ല്‍ ആദ്യമായി വൈദ്യുതിയെത്തി. ഇന്ന് ഗള്‍ഫുപണത്തിന്റെ കുത്തൊഴുക്കില്‍ വന്ന ഭീമാകാരങ്ങളായ ബംഗ്ളാവുകളും യഥാര്‍ത്ഥ്യബോധത്തിന്റെ ചെലവു കുറഞ്ഞ തരം വീടുകളും ഇടത്തരം വീടുകളും കുടിലുകളുമെല്ലാമുള്ള പാര്‍പ്പിടവൈവിധ്യം പാവറട്ടിയില്‍ എവിടെയും കാണാം. നിര്‍ദ്ധനര്‍ക്കും വീടില്ലാത്തവര്‍ക്കും വീടുണ്ടാക്കികൊടുക്കുന്ന കാര്യത്തില്‍ വേണ്ടത്ര പുരോഗതി നേടിയെന്ന് അവകാശപ്പെടാനാവില്ലെങ്കിലും ആ വഴിക്കുള്ള ചില ശ്രമങ്ങളും പാവറട്ടിയില്‍ നടന്നിട്ടുണ്ട്. മരുതയൂരിലെ കോളനിയും പൈങ്കണ്ണിയൂരിലെ കോളനിയും 9-ാം വാര്‍ഡിലെ കോളനിയും ആ വഴിയിലെ ചില കാല്‍വെപ്പുകള്‍ തന്നെ.
Share
Banner

EC Thrissur

Post A Comment:

0 comments: