
പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി വീട്ടമ്മമാരുടെ മാലകവർച്ച നടത്തുന്നതു പതിവായി. ഒന്നര മാസത്തിനുള്ളിൽ നാലു പേരുടെ മാലയാണു കവർന്നത്. കഴിഞ്ഞ മാസം ആദ്യം വെങ്കിടങ്ങ് കുഴുപ്പുള്ളി റോഡിൽ ബാങ്കിൽ പോയി മടങ്ങുകയായിരുന്ന റിട്ട. അധ്യാപിക തലക്കോട്ടുകര റപ്പായിയുടെ ഭാര്യ ത്രേസ്യയുടെ അഞ്ചു പവന്റെ മാലയാണു പൊട്ടിച്ചത്. ഒരു മാസം മുൻപു മുല്ലശേരി താണവീഥി സെന്റ് റീത്ത കപ്പേളയ്ക്കു സമീപം വെങ്കിടങ്ങ് സ്വദേശി കാഞ്ഞിരത്തിങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ട്രീസയുടെ രണ്ടു പവന്റെ മാലയാണു പൊട്ടിച്ചത്.
മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ട്രീസ. കഴിഞ്ഞ 16നു തൊയക്കാവ് മഞ്ചറമ്പത്ത് കുടുംബക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന മണത്തല സ്വദേശി മഞ്ചറമ്പത്ത് വേലായുധന്റെ ഭാര്യ മണിയുടെ രണ്ടു പവന്റെ മാലയും കരുവന്തലയിൽ വച്ച് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. പത്തു ദിവസം കഴിയുമ്പോഴേക്കാണ് ഇന്നലെ മുല്ലശേരി കനാൽ ബണ്ട് റോഡിൽ അടിയാറെ ലിപിന്റെ ഭാര്യ നീതുവിന്റെ ആറു പവന്റെ മാല കവർന്നത്.
എല്ലാ കവർച്ചയും വീട്ടമ്മമാരുടെ കഴുത്തിനടിച്ചു വീഴ്ത്തിയാണു നടന്നിട്ടുള്ളത്. തുടർച്ചയായുള്ള കവർച്ചകളിൽ ആരേയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16നു കരുവന്തലയിൽ നടന്ന കവർച്ചയ്ക്കു പിന്നാലെയാണു മുല്ലശേരി മാനിനകുന്നിൽ പെൺസുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബൈക്കിന്റെ രേഖ ശരിയല്ലാത്തതുമൂലമാണു വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെങ്കിലും മാലമോഷണം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നു. കസ്റ്റഡിയിൽനിന്നു വിട്ടയച്ച വിനായക് ജീവനൊടുക്കിയതോടെ സംഭവം വിവാദമായി.
Post A Comment:
0 comments: