Navigation
Recent News

വിദ്യാഭ്യാസ മേഖല അടിമുടി നവീകരിക്കും: പ്രഫ. സി. രവീന്ദ്രനാഥ്



എന്തു പ്രതിസന്ധിയുണ്ടായാലും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി നവീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം ആദരവ് - 2016 എന്ന പരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം എന്നതാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇതു നടപ്പാക്കാന്‍ സാധിക്കുക. ഇതൊരു പരിപാടിയല്ല, മറിച്ച് വരുംതലമുറയ്ക്കുവേണ്ടിയുള്ള ഒരു യജ്ഞമാണ്. അതിന് എല്ലാവരുടേയും പിന്തുണവേണമെന്നും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. പഠനം പാല്‍പായസമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ഹൈടെക് ആക്കും. വിദ്യാര്‍ഥികളുടെ പക്ഷത്തുനിന്നുകൊണ്ടുള്ള മാറ്റങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്കൂളുകളിലെ മുഴുവന്‍ ലബോറട്ടറികളും ആധുനികവത്കരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവത്കരിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ എന്‍ട്രന്‍സുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനം എല്ലാ പ്ലസ്ടു ക്ലാസുകളിലും ഏര്‍പ്പെടുത്തുമെന്നും എത്ര പാവപ്പെട്ടവര്‍ക്കുപോലും മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതാനുള്ള സൗകര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സമ്പ്രദായത്തിലും കാതലായ മാറ്റങ്ങളുണ്ടാകും- അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്കാരങ്ങള്‍ നല്‍കി. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്കൂളുകളെ സി.എന്‍. ജയദേവന്‍ എംപി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മോന്‍സി വര്‍ഗീസ് മോട്ടിവേഷന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. ആമിന നന്ദിയും പറഞ്ഞു.


photo http://www.mathrubhumi.com/
Share
Banner

EC Thrissur

Post A Comment:

0 comments: