Navigation
Recent News

എളവള്ളി റെയില്‍വേ ഹോള്‍ട്ടിങ് സ്റ്റേഷന് പച്ചക്കൊടി

എളവള്ളി: പഞ്ചായത്തില്‍ റെയില്‍വേ ഹോള്‍ട്ടിങ് സ്റ്റേഷന്‍ നിര്‍മാണത്തിന് പച്ചക്കൊടി. 25 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നടപ്പാകുന്നത്.
തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാണി നിര്‍മാണസ്ഥലം പരിശോധിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പരിശോധനയ്ക്കായി എത്തിയത്.
തൃശ്ശൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ പി.വി. വിനയന്‍, കെ.എം. റഹീം, കെ.കെ. വിജേഷ്, ജി.എസ്. ഗോപകുമാര്‍, പി.കെ. അജിത്കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
അന്തിമ റിപ്പോര്‍ട്ട് ചെന്നൈ റെയില്‍വേ ജനറല്‍ മാനേജര്‍, ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും. മുരളി പെരുനെല്ലി എം.എല്‍.എ., എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗങ്ങളായ സി.എഫ്. രാജന്‍, സനല്‍ കുന്നത്തുള്ളി, കെ.ആര്‍. രഞ്ജിത്ത്, ആലീസ് പോള്‍ എന്നിവര്‍ പരിശോധനയ്‌ക്കൊപ്പമുണ്ടായിരുന്നു.
3.25 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എളവള്ളി, പാവറട്ടി, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍ക്കാണ് സ്റ്റേഷന്‍ ഏറെ ഉപകാരപ്രദമാകുക.
പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. എം.പി., എം.എല്‍.എ. ഇതിനായി സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റേഷന് ആവശ്യമായ കെട്ടിടസമുച്ചയം, കാത്തിരിപ്പുകേന്ദ്രം, പാലം, അനുബന്ധ റോഡ് എന്നിവയാണ് നിര്‍മിക്കുക.
Share
Banner

EC Thrissur

Post A Comment:

0 comments: