Navigation
Recent News

ആളൊഴിഞ്ഞകോള്‍പ്പാടത്ത് വര്‍ണക്കൊക്കുകള്‍ വിരുന്നെത്തി

മുല്ലശ്ശേരിയിലെ കോള്‍പ്പാടത്തെത്തിയ വര്‍ണക്കൊക്കുകള്‍. ചിത്രം പകര്‍ത്തിയത് ഷിജില്‍ പാവറട്ടി


വര്‍ണക്കാഴ്ചയൊരുക്കി മുല്ലശ്ശേരിയിലെ കോള്‍പ്പാടത്ത് വര്‍ണക്കൊക്കുകളെത്തി. തദ്ദേശിയരായ ദേശാടനപക്ഷി വിഭാഗത്തില്‍പ്പെടുന്ന പെയ്ന്റഡ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന വര്‍ണക്കൊക്കുകളാണിവ.

വേട്ടയാടല്‍ഭീഷണിമൂലം വര്‍ണക്കൊക്കുകളുടെ എണ്ണം കുറഞ്ഞതായി പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.കോള്‍പ്പാടത്ത് വിഷം വെച്ചും വെടിവെച്ച് വീഴ്ത്തിയുമാണ് വര്‍ണക്കൊക്കുകളെ വേട്ടയാടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി.

കോള്‍പ്പാടങ്ങളിലെ വെള്ളം വറ്റുന്നതോടെ മറ്റു കൊക്കുകള്‍ക്കൊപ്പം വര്‍ണക്കൊക്കുകള്‍ എത്തും. റോസും പിങ്കും കലര്‍ന്ന തൂവലുകളാണ് ഇവയ്ക്ക് വര്‍ണഭംഗി നല്‍കുന്നത്. ഭക്ഷണലഭ്യതയനുസരിച്ച് ഇവ ദേശാടനം നടത്താറുണ്ട്. വലിയ കാലുകളും കൊക്കുകളും ചതുപ്പിലും കരയിലും ഇരതേടുന്നതിന് സഹായകരമാണ്. കൂട്ടമായാണ് ഇവയുടെ യാത്രയും കൂടൊരുക്കലുമെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, ഷിജില്‍ പാവറട്ടി എന്നിവര്‍ പറഞ്ഞു.

മഴ മാറി കോള്‍പ്പാടങ്ങളില്‍ കൃഷി തുടങ്ങുന്നതോടെയും ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്നതോടെയും ഇവ കോള്‍പ്പാടങ്ങളില്‍നിന്ന് അപ്രത്യക്ഷമാകും. വര്‍ണക്കൊക്കുകള്‍ക്ക് നേരെയുണ്ടാകുന്ന വേട്ടയാടല്‍ഭീഷണി തടയണമെന്നാണ് പക്ഷിനിരീക്ഷകരുടെ ആവശ്യം. പക്ഷിനിരീക്ഷണ വൊളന്റിയര്‍മാരും, ഗ്രീന്‍ ഹാബിറ്റാറ്റും സംയുക്തമായി പക്ഷിനീരീക്ഷണ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്.
Share
Banner

EC Thrissur

Post A Comment:

0 comments: