Navigation
Recent News

ഫാ. ഗബ്രിയേല്‍ അന്തരിച്ചു

അമല ആസ്പത്രിയുടെ സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുള്‍പ്പെടെ നിരവധി വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ഫാ. ഗബ്രിയേല്‍ ചിറമല്‍ അന്തരിച്ചു. 103 വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അമലയിലെ അമലഭവനിലായിരുന്നു അന്ത്യം. 2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 

വിദ്യാഭ്യാസവിചക്ഷണന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി ഏതു വിശേഷണവും ഇണങ്ങുന്നയാളായിരുന്നു. ചാലക്കുടി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലക്കാട് ഭാരതമാതാ സ്‌കൂള്‍, കോഴിക്കോട് ദീപ്തിഭവന്‍, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട കാത്തലിക് സെന്റര്‍ എന്നിവയുടെ പിറവിയിലും മുഖ്യപങ്കുവഹിച്ചു.
സി.എം.െഎ. സഭാംഗമാണ്. ലോകത്തില്‍ത്തന്നെ ഏറ്റവുമധികം കുര്‍ബാനയര്‍പ്പിച്ചിട്ടുള്ള വൈദികരില്‍ ഒരാളാണ്.

1914 ഡിസംബര്‍ 11ന് മണലൂരിലാണ് ജനനം. 1942 മേയ് 30ന് വൈദികപട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു. ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് 'ബാന്‍കിയ ഗബ്രിയേലി' എന്നു പേരിട്ടു.

ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978ലായിരുന്നു ഇത്.

ശവസംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
Share
Banner

EC Thrissur

Post A Comment:

0 comments: