ഒരിക്കലും ആര്‍ക്കും മറക്കാനാവാത്ത കര്‍മയോഗി. പ്രായാധിക്യത്തിലും അനാരോഗ്യം വകവെയ്ക്കാത്ത സേവകന്‍. സാമൂഹികരംഗത്ത് എല്ലാവര്‍ക്കും പ്രചോദനമായ വഴികാട്ടി.
ഗബ്രിയേലച്ചന്‍ വിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല. ക്രൈസ്റ്റ് കോളേജില്‍നിന്ന് വിരമിച്ചശേഷം നിയോഗമായി ഏറ്റെടുത്തത് ചാലക്കുടി കാര്‍മല്‍ ഹൈസ്‌കൂള്‍ നിര്‍മാണത്തിനാണ്. 25 കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന സ്ഥാപനമാണിത്.
1956 മുതല്‍ ദീര്‍ഘകാലം സര്‍വകലാശാലാ സെനറ്റുകളിലും സിന്‍ഡിക്കേറ്റുകളിലും അംഗമായിരുന്നു. സി.എം.ഐ. ബോര്‍ഡ്, കത്തോലിക്കാ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലാ ക്രൈസ്തവപീഠം തുടങ്ങിയവയുടെ അധ്യക്ഷനായി.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ എന്നനിലയില്‍ ഭരണകാലഘട്ടം അവിസ്മരണീയമാക്കി.
കുര്യാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റിക്ക് സ്ഥലം അനുവദിച്ചതും കുരിയച്ചിറയിലെ ഗലീലി, ചേതന എന്നീ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങി പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയതും അച്ചന്റെ കാലത്താണ്.
സേവനത്തിന്റെ വലിയ കോട്ടയായി എടുത്തുകാട്ടാം അമല കാന്‍സര്‍ ഹോസ്പിറ്റലിനെ. 1000 കിടക്കകളുള്ള ആസ്?പത്രിയും നഴ്സിങ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, പ്രൈമറി സ്‌കൂള്‍ തുടങ്ങിയവയും ഉള്‍പ്പെട്ട മാസ്റ്റര്‍പ്ളാനാണ് തയ്യാറാക്കിയത്. മാസ്റ്റര്‍ പ്ളാന്‍ ലക്ഷ്യമിട്ടതിനുമുമ്പേ ഇത് യാഥാര്‍ത്ഥ്യമായി. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഒരു മേല്‍ക്കൂരയ്ക്ക് കീഴിലെന്ന ബഹുമതി അമല ആസ്?പത്രിക്കുണ്ട്.
സേവനത്തിന്റെ ആള്‍രൂപമായ അച്ചനെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. പദ്മഭൂഷണു പുറമെ ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് അവാര്‍ഡ്, ഷെയര്‍ ആന്‍ഡ് കെയര്‍ അവാര്‍ഡ് എന്നിവ ചിലതുമാത്രം.
മണ്‍മറഞ്ഞത് ബഹുമുഖ പ്രതിഭ
ഫാ. ഗബ്രിയേലിന്റെ വിടവാങ്ങലിലൂടെ നഷ്ടമാവുന്നത് ബഹുമുഖ പ്രതിഭയെ. 1914 ഡിസംബര്‍ 11-ന് മണലൂരിലാണ് ജനനം. 1942 മേയ് 30-ന് വൈദികപ്പട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943-ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു.
ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് ബാന്‍കിയ ഗബ്രിയേലി എന്നു പേരിട്ടു.
ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978-ലായിരുന്നു ഇത്.
ഫാ. ഗബ്രിയേലിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.
ജന്തുശാസ്ത്രജ്ഞനായ വൈദികന്‍
ഫാ. ഗബ്രിയേല്‍ വൈദികന്‍ എന്ന പദത്തോടൊപ്പം ജന്തുശാസ്ത്രജ്ഞന്‍ എന്നുകൂടി പ്രശസ്തനായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ജന്തുശാസ്ത്രമേധാവിയായിരുന്നു. അന്ന് കപ്പന്‍ തുരക്കുന്ന പുഴുവിന് ബാങ്കിയ ഗബ്രിയേലി എന്നാണ് പേരിട്ടത്. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തിഗവേഷണവിഭാഗം കണ്ടെത്തിയ ചിലന്തിക്ക് സ്റ്റെനിയലൂറിസ് ഗബ്രിയേലി എന്ന് നാമകരണം ചെയ്തു. പത്മഭൂഷണ്‍ ലഭിക്കാന്‍ ജന്തുശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചതിന്റെ മികവുംകൂടി പരിഗണിച്ചതായി കാണാം. നൂറുകണക്കിന് ശിഷ്യരും ഗബ്രിയേലച്ചന്റെ മഹത്ത്വമാണ്.
സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി
ഗബ്രിയേലച്ചന്‍ കണ്ട സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയ കര്‍മയോഗി. ആ സ്വപ്നങ്ങളായിരുന്നു ഇന്ന് തലയെടുപ്പുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ആസ്പത്രിയുമെല്ലാം. അങ്ങനെ സമൂഹനന്മയ്ക്കായി ദൈവം കണ്ടെത്തിയ ഉപകരണമായി ഗബ്രിയേലച്ചന്‍. സമൂഹനന്മയ്ക്കായി സ്വയം സമര്‍പ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം.
അതും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും വ്യവസ്ഥാപിത ഏജന്‍സിയുടെയോ സഹായമില്ലാതെ. സാമൂഹികസേവനത്തില്‍ എന്നും അദ്ദേഹത്തിന് കൂട്ട് പൊതുജനങ്ങളായിരുന്നു.കണ്‍മുന്നിലെ തടസ്സങ്ങളെല്ലാം തകര്‍ന്നുനീങ്ങിയത് വിജയത്തിന്റെ സുഗമപാതയിലേക്കും. അങ്ങനെ എല്ലാവര്‍ക്കും എല്ലാമായി പ്രിയപ്പെട്ട ഗബ്രിയേലച്ചന്‍. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലേറെ ചെയ്തുതീര്‍ത്തു എന്നെല്ലാവരും പറയുമ്പോഴും അങ്ങനെയൊരു വിശ്വാസം ഇല്ലാത്ത ഒരേ ഒരാള്‍ അച്ചന്‍മാത്രം.
മറ്റുള്ളവരെല്ലാം അസംഭവ്യമെന്ന് കരുതിയവയെല്ലാം പടുത്തുയര്‍ത്താന്‍ ഈ വൈദികനെ സഹായിച്ചത് സംഘാടകശേഷിയും മനോധൈര്യവുമായിരുന്നു.
അമല കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടതും പാലക്കാട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിക്ക് സ്ഥലം കണ്ടെത്തിയതും അദ്ദേഹമാണ്.
സുവോളജി അധ്യാപകനായിരിക്കെ പഠിപ്പിക്കലിനു മാത്രമായിരുന്നില്ല ഗബ്രിയേലച്ചന്റെ ജീവിതം. ക്ളാസ്മുറികള്‍ക്കും ലബോറട്ടറിക്കും പുറത്തേക്ക് അദ്ദേഹം നടന്നു. അച്ചന്‍ കണ്ടെത്തിയ ബാങ്കിയ ഗബ്രിയേലി എന്ന ജീവിക്ക് പേരിട്ടത് അന്ന് മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്ന ഡോ. ബാലകൃഷ്ണന്‍ നായര്‍.
സി.എം.ഐ. സഭ മൂന്നു പ്രവിശ്യകളായ പശ്ചാത്തലത്തിലാണ് ക്രൈസ്റ്റ് കോളേജ് ഉയരുന്നത്. തേവര കോളേജില്‍ ഏഴുവര്‍ഷത്തെ അധ്യാപനത്തിനുശേഷം 41-ാം വയസ്സിലാണ് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലാകുന്നത്.
http://www.mathrubhumi.com
Post A Comment:
0 comments: