കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.
രാവിലെ 7.50മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. കിഴക്കേനടയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ എത്തിച്ച കതിര്‍ക്കറ്റകള്‍ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളിലെ അംഗങ്ങള്‍ തലയിലേറ്റി കിഴക്കേ ഗോപുരത്തില്‍ അരിമാവണിഞ്ഞ നാക്കിലയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം കീഴ്ശാന്തി തിരുവാലൂര്‍ അനില്‍ കുമാര്‍ തീര്‍ഥം തളിച്ച് കതിര്‍കറ്റകള്‍ ശുദ്ധിവരുത്തി. ഉരുളിയില്‍ സമര്‍പ്പിച്ച ആദ്യ കതിര്‍കറ്റ ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശിരസിലേറ്റി. കുത്തുവിളക്കുമായി പാരമ്പര്യ അവകാശി പുതിയേടത്ത് ആനന്ദനും ശംഖ് വിളിയുമായി തൃത്താല ശ്രീകുമാറും ശശി മാരാരും അകമ്പടിയായി. ബാക്കിയുള്ള കതിര്‍കറ്റകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. നിറയോ നിറ ... ഇല്ലം നിറ... വിളികളുയര്‍ന്നു. ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം കതിര്‍ കറ്റകള്‍ നാലമ്പലത്തിലെ നമസ്കാരമണ്ഡപത്തിലെത്തിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി കതിര്‍ കറ്റകളില്‍ ലക്ഷ്മീപൂജ നടത്തി. ഒരു കതിര്‍കറ്റ ഉരുളിയിലാക്കി ശിരസിലേറ്റി ശ്രീകോവിലിനുള്ളില്‍ ഗുരുവായൂരപ്പന്‍റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു. ശേഷം കതിര്‍കറ്റകള്‍ പട്ടില്‍ പൊതിഞ്ഞ് ശ്രീലകത്ത് നിറച്ചു. ഉപദേവന്മാരുടെ ശ്രീകോവിലിലും ദേവസ്വം ഓഫീസിലും നിറച്ചു. കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.കുഞ്ഞുണ്ണി, അഡ്വ. എ. സുരേശന്‍, അഡ്മിനിസ്ട്രേറ്ററുടെ ചുമതലയള്ള സബ്കളക്ടര്‍ ഹരിത വി. കുമാര്‍, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. നാരായണന്‍, അസി. മാനേജര്‍ ആര്‍. പരമേശ്വരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Post A Comment:
0 comments: