നേന്ത്രപ്പഴത്തിന് വില കൂടിയതോടെ ചായക്കടകളില്‍ നിന്ന് പഴംപൊരിയും അപ്രത്യക്ഷമാകുന്നു.
നാടന്‍ ചായക്കടകളിലെ പ്രധാന പലഹാരമാണ് പഴംപൊരി. പലഹാര വില്‍പനയില്‍ നല്ല ലാഭം നല്‍കുന്ന പഴംപൊരി വില്‍ക്കാന്‍ ചായക്കടക്കാര്‍ക്കും ഏറെ താല്‍പര്യമാണെങ്കിലും നേന്ത്രപ്പഴത്തിന്‍റെ വില കുത്തനെ കൂടിയതോടെ ലാഭം ഇല്ലാതായതിനാല്‍ പഴംപൊരിയുണ്ടാക്കുന്നത് നിര്‍ത്തിവച്ചിരിക്കയാണ്. വലിയ ഹോട്ടലുകളിലും ചില ചായക്കടകളിലും മാത്രമാണിപ്പോള്‍ പഴംപൊരി വില്‍പനയുള്ളത്. സാധാരണ ചായക്കടകളില്‍ എട്ടു രൂപയ്ക്കും പത്തു രൂപയ്ക്കുമൊക്കെയാണ് വില്‍പന.
വില കുറവുള്ളപ്പോള്‍ ഒരു പഴത്തില്‍ നിന്നു തന്നെ നാലും അഞ്ചും പഴംപൊരിയുണ്ടാക്കി വില്‍പന നടത്താനാകുമായിരുന്നു. എന്നാല്‍ പഴത്തിന്‍റെ വില കൂടിയതോടെ എത്ര കനംകുറച്ച് പഴംപൊരിയുണ്ടാക്കിയാലും മുതലാകില്ലെന്നാണു ചായക്കടക്കാരുടെ അഭിപ്രായം.
വലിയ ഹോട്ടലുകളില്‍ കൂടുതല്‍ വില വാങ്ങുന്നതിനാല്‍ പഴത്തിന് വില കൂടിയാലും ലാഭത്തില്‍ കുറവു വരിക മാത്രമേയുള്ളൂവത്രേ. ചെറുകിട കച്ചവടക്കാര്‍ കുറഞ്ഞ വില യ്ക്കു വില്‍ക്കുന്നതിനാല്‍ പഴത്തിന് വില കൂടിയാല്‍ പിടിച്ചു നില്‍ക്കാനാകില്ല.
പഴത്തിന് വില കൂടിയതോടെ പഴം പൊരി തല്‍ക്കാലത്തേക്ക് ഒഴിവാക്കാനല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ചായക്കടക്കാര്‍ പറഞ്ഞു. സ്ഥിരമായി നല്‍കുന്ന പലഹാരത്തിന് വില കൂടിയെന്നു പറഞ്ഞ് ആളുകളില്‍ നിന്ന് വില കൂട്ടി വാങ്ങിക്കാനുമാകില്ല. അതിനാല്‍ തല്‍ക്കാലം ഇതൊഴിവാക്കി മറ്റു പലഹാരങ്ങള്‍ കൂടുതലുണ്ടാക്കുകയാണ് ചെയ്യുന്നത്. 30ഉം 40ഉം ഒക്കെ ഉണ്ടായിരുന്ന പഴത്തിന് ഇപ്പോള്‍ 55ഉം 60 രൂപയുമാണ് കിലോ വില. കുറച്ചുനാള്‍മുമ്പ് വില ഇതിലും കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. എന്നാ ലും പഴംപൊരിയുണ്ടാക്കാനുള്ള വിലയായിട്ടില്ലെന്നാണു ചായക്കടക്കാരുടെ അഭിപ്രായം. ഉഴുന്നിനും പരിപ്പിനുമൊക്കെ വില കൂടിയിട്ടുണ്ടെങ്കിലും അതൊക്കെ സഹിച്ചാണ് വില കുറച്ച് പലഹാരങ്ങള്‍ വില്‍ക്കുന്നത്. സാധാരണ തൊഴിലാളികളും മറ്റുള്ളവരുമൊക്കെ സ്ഥിരമായി ആശ്രയിക്കുന്ന ഇത്തരം ചായക്കടകളില്‍ വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്നാണ് ചായക്കടക്കാരുടെ ആശങ്ക.
photo/vartha deepika
Post A Comment:
0 comments: