125 വര്‍ഷത്തിലേറെക്കാലം ജനങ്ങള്‍ക്ക് തണലേകിയ മുത്തശ്ശി ആല്‍മരം മുറിച്ചുമാറ്റുന്നു.
ചാവക്കാട് ഒരുമനയൂര്‍ മുത്തംമാവ് സെന്ററിലെ ആല്‍മരമാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായതിനെത്തുടര്‍ന്ന് മുറിച്ചുമാറ്റുന്നത്. ഒരുമനയൂര്‍ പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാതാ അധികൃതര്‍ മരംമുറിക്കാന്‍ തയ്യാറായത്.
മുത്തംമാവ് സെന്ററിലായതിനാല്‍ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ്സു കാത്തുനില്ക്കുന്നത് ഈ ആല്‍മരത്തിനു സമീപത്താണ്. ദേശീയപാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍ക്കും മരം അപകടഭീഷണിയായി. ഇതേത്തുടര്‍ന്നാണ് മരം മുറിച്ചുനീക്കാന്‍ പഞ്ചായത്ത് ദേശീയപാതാ അധികൃതരെ സമീപിച്ചത്. നിരവധിത്തവണ പരാതിനല്‍കിയിട്ടും അധികൃതര്‍ ആല്‍ മുറിക്കാന്‍ തയ്യാറായില്ല. അവസാനം പഞ്ചായത്തു പ്രസിഡന്റ് കെ.ജെ. ചാക്കോ കളക്ടറെ സമീപിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ അപകടകരമായ മരമാണെങ്കില്‍ മുറിച്ചുമാറ്റാന്‍ ദേശീയപാതാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മരംമുറി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ ഇന്നും തുടരും. ഇതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം മൂന്നാംകല്ല് കടപ്പുറംവഴി തിരിച്ചുവിടും. വൈദ്യുതിയും തടസ്സപ്പെടും.
മുത്തംമാവ് സെന്ററില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു മാവുണ്ടായിരുന്നു. ഈ മാവാണ് മുത്തംമാവ് എന്നപേരില്‍ ഇവിടം അറിയപ്പെടാന്‍കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് മാവ് കടപുഴകിയപ്പോള്‍ ഏതോ പ്രകൃതി സനേഹി വെച്ചുപിടിപ്പിച്ചതാണ് ഈ ആല്‍മരമെന്നാണ് പഴമക്കാര്‍ പറയുന്നത്.
മരം മുറിക്കുന്നതിനിടയില്‍ കൊമ്പ് വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു
ഒരുമനയൂര്‍ മുത്തമ്മാവില്‍ ദേശീയപാത 17 ലെ അരയാല്‍ മരം മുറിക്കുന്നതിനിടയില്‍ കൊമ്പ് വീണു ഇലക്ട്രിക് ലൈനും വൈദ്യുതി കാലും തകര്‍ന്നു.
ആദ്യ ദിവസം പാതയോരത്തെ വൈദ്യുതി കമ്പികള്‍ അഴിച്ചുമാറ്റിയിരുന്നു. കറുകമാട് ഭാഗത്തേക്കുള്ള ലൈനും അഴിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇലക്ട്രിസിറ്റി അധികൃതര്‍ മുഖവിലെക്കെടുത്തില്ലെന്നു പറയുന്നു.
Post A Comment:
0 comments: