ഇത് വായിക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നാം. എന്നാൽ ഇതൊരു സിനിമാക്കഥയല്ല, ഒരു യഥാർത്ഥ സംഭവകഥയാണ്.
കാമുകീ കാമുകന്മാര്‍ പരസ്പരം ഇഷ്ടപ്പെടുന്നത് പല കാരണങ്ങളാലായിരിക്കും. ചിലര്‍ സൗന്ദര്യം കണ്ട് ഇഷ്ടപ്പെടുന്നു, ചിലര്‍ സമ്പത്ത് കണ്ടിട്ട്, ചിലര്‍ പേരും പ്രശസ്തിയും കണ്ടിട്ട്, ചിലര്‍ ആരോഗ്യമുള്ള ശരീരം കണ്ടിട്ട് .... അങ്ങനെ പലരും പല തരത്തിലാവും ഇഷ്ടപ്പെടുന്നത്.
എന്നാല്‍ നമ്മുടെ കഥാനായിക, ലാവണ്യ കഥാനായകന്‍ സുശീലിനെ ഇഷ്ടപ്പെട്ടത് ഇതൊന്നുകൊണ്ടുമല്ല, സുശീലിന്റെ നര്‍മ്മം തുളുമ്പുന്ന സംസാരം കേട്ടാണ്. (പേരുകൾ സാങ്കൽപ്പികം). കോളേജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സുശീലിനെ ഇഷ്ടമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ഒരു മിനിറ്റ് വെറുതെ അടങ്ങിയിരിക്കില്ല സുശീലന്‍ ... സദാ സമയവും എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞുകൊണ്ടിരിക്കും. പൊട്ടിച്ചിരിക്കാന്‍ കൂട്ടുകാരും ഒപ്പമുണ്ടാകും.
സുശീലിന്റെ നര്‍മ്മം തുളുമ്പുന്ന വാക്കുകള്‍ ലാവണ്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു. അത് പിന്നീട് അനുരാഗമായി പരിണമിച്ചു, ക്രമേണ പരസ്പരം വിട്ടുപിരിയാന്‍ കഴിയാത്തവണ്ണം അവരുടെ മനസ്സുകള്‍ ഒന്നായി. ഡിഗ്രി കഴിഞ്ഞതോടെ അവര്‍ തല്‍ക്കാലം വേര്‍പിരിഞ്ഞുവെങ്കിലും കത്തിടപാടുകളിലൂടെ അവര്‍ പരസ്പരം അവരുടെ പ്രണയം തുടര്‍ന്നുകൊണ്ടിരുന്നു. (ഇന്നത്തെപ്പോലെ ടെലിഫോണ്‍ സൗകര്യം ഒന്നും അന്നുണ്ടായിരുന്നില്ല). ഈ "കത്ത് പ്രേമം" നാലഞ്ചു വര്‍ഷം തുടര്‍ന്നു.
അന്നാട്ടിലെ സമ്പന്നരില്‍ ഒരാളായിരുന്നു ലാവണ്യയുടെ അച്ഛന്‍ ... അതുപോലെത്തന്നെ ഒരു ധിക്കാരിയും. എന്നാല്‍ സുശീലിന്റെ അച്ഛന്‍ ഒരു ശരാശരി വരുമാനക്കാരനും ശാന്തപ്രിയനുമായിരുന്നു.
ലാവണ്യയുടെ വീട്ടുകാര്‍ അവളുടെ വിവാഹം ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ ലാവണ്യ അവളുടെ മനസിലുള്ളത് തുറന്നു പറഞ്ഞു. എന്നാല്‍ ജോലിയും കൂലിയും ഇല്ലാത്ത ഒരാളുടെ കൂടെ തന്‍റെ മകളെ പറഞ്ഞയക്കാന്‍ ലാവണ്യയുടെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. പക്ഷേ ലാവണ്യയാവട്ടെ സുശീലിന്റെ കൂടെയല്ലാതെ ജീവിക്കില്ല എന്ന വാശിയിലും.
പ്രശ്നം ഗുരുതരമായി. ഒരിക്കല്‍ ലാവണ്യയുടെ അച്ഛന്റെ വാടക ഗുണ്ട സുശീലിനെ മര്‍ദ്ദിച്ചു. അതോടെ ലാവണ്യയും അച്ഛനും മാനസികമായി കൂടുതല്‍ അകന്നു. ഒടുവില്‍ ഒരു ദിവസം ലാവണ്യയും സുശീലും കൂടി ആരും അറിയാതെ നാടുവിട്ടു ബാങ്കളൂര്‍ക്കു പോയി. പോകുംവഴി ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ വച്ച് സുശീല്‍ ലാവണ്യയെ വരിച്ചു. കുറച്ചു ദിവസങ്ങള്‍ ചില ലോഡ്ജുകളില്‍ അവര്‍ മാറിമാറി താമസിച്ചു. അതേസമയം ഇരു വീട്ടുകാരും പോലീസില്‍ പരാതി കൊടുത്തു അന്വേഷണം ആരംഭിച്ചു.
ദിവസങ്ങളും ആഴ്ച്ചകളും പലതും കഴിഞ്ഞതോടെ സുശീലിന്റെ കൈയ്യിലെ പണമെല്ലാം തീര്‍ന്നു. ലാവണ്യയുടെ കൈയ്യിലും കഴുത്തിലും ഉണ്ടായിരുന്ന വളയും മാലയും എല്ലാം വിറ്റു. പക്ഷേ ഉദ്ദേശിച്ച പോലെ ഒരു നല്ല ജോലിയോ വരുമാന മാര്‍ഗ്ഗമോ അവര്‍ക്ക് ഉണ്ടായില്ല. മധുവിധുവിന്‍റെ നാളുകള്‍ കഴിഞ്ഞതോടെ കളിയല്ല കല്യാണം എന്ന് അവര്‍ക്ക് മനസിലാകാന്‍ തുടങ്ങി. അതോടെ അവരുടെ ജീവിതത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴാന്‍ തുടങ്ങി. എപ്പോഴും തമാശ പറഞ്ഞിരുന്ന സുശീല്‍ ആകെ അസ്വസ്ഥമാകാന്‍ തുടങ്ങി. സംസാരം പോലും കുറഞ്ഞു. ലാവണ്യയുടെ മനസ്സും ആകെ തകര്‍ന്നു. അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി.
ഇനിയെന്തുചെയ്യും? വീട്ടിലേക്ക് പോകാന്‍ അവര്‍ക്ക് ധൈര്യമില്ല. ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി ഒരു പഴയകാല കോളേജ് സുഹൃത്തിനെ അവര്‍ കണ്ടുമുട്ടിയത് ... ഉണ്ടായ കാര്യങ്ങള്‍ എല്ലാം ആ സുഹൃത്തിനോട് അവര്‍ പറഞ്ഞു.
സുഹൃത്ത് പറഞ്ഞു : വിഷമിക്കണ്ട. ഞാന്‍ ഇപ്പോള്‍ ബാങ്കളൂരില്‍ ഒരു ബിസിനസ് ചെയ്യുകയാണ്. സുശീലിന് എന്റെ സ്ഥാപനത്തില്‍ ഞാനൊരു ജോലി തരാം. ഇനി കുറച്ചുദിവസം തല്‍ക്കാലം എന്‍റെ വീട്ടില്‍തന്നെ താമസിച്ചോളൂ.
അങ്ങനെ അവര്‍ സുഹൃത്തിനൊപ്പം പോയി. അവിടെ ജോലി ചെയ്യുകയും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഈ സമയം സുഹൃത്ത് സുശീലിന്റേയും ലാവണ്യയുടേയും വീട്ടുകാരെ വളരെ തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു ഒരുവിധം സമാധാനമാക്കി. അങ്ങനെ മനസ്സില്ലാ മനസ്സോടെ അവരുടെ വിവാഹം ഇരുവീട്ടുകാരുംകൂടി നടത്തിക്കൊടുത്തു.
വര്‍ഷങ്ങള്‍ പലതും പിന്നിട്ടു. ഇന്ന് സുശീലും ലാവണ്യയും രണ്ടു മക്കളുടെ അച്ഛനും അമ്മയുമായി സസുഖം ബാങ്കളൂരില്‍ ജീവിക്കുന്നു. ജീവിതം ഒരു തമാശയല്ല എന്ന് അവര്‍ക്ക് ഇപ്പോള്‍ മനസിലായി.
സ്നേഹിതരേ, പ്രണയത്തെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ വേണ്ടിയല്ല ഇതെഴുതിയത്. പ്രണയത്തിന്റേയും ജീവിതത്തിന്റേയും പ്രായോഗിക വശങ്ങൾ സൂചിപ്പിച്ചു എന്നേയുള്ളൂ. ജീവിക്കാൻ പണം വേണം. പണം വേണമെങ്കിൽ വരുമാന മാർഗ്ഗവും വേണം. ഇതിനെല്ലാം പുറമേ ആരോഗ്യവും വേണം. ഇതൊന്നും ചിന്തിക്കാതെ എടുത്തു ചാടിയാൽ അത് ആപത്ത് ക്ഷണിച്ചു വരുത്തും.
ആപത്തുകാലത്ത് സഹായിക്കാൻ എപ്പോഴും നല്ല ബന്ധു-മിത്രാദികൾ ഉണ്ടാവണമെന്നില്ല.
ഇപ്പോൾ പ്രണയത്തിലായിരിക്കുന്നവർക്കും പ്രണയിക്കാൻ പോകുന്നവർക്കും വേണ്ടി ഈ സംഭവ കഥ സമർപ്പിക്കുന്നു.
ഏവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.
പോള്‍സണ്‍ പാവറട്ടി
photo paulson/facebook
Post A Comment:
0 comments: