Navigation
Recent News

ഹാപ്പി ബര്‍ത്ത് ഡേടു ഡിയര്‍ തൃശൂര്‍


photo: www.goroadtrip.com

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് ഇന്നു ഹാപ്പി ബര്‍ത്ത് ഡേ. 1949 ജൂലൈ ഒന്നിനാണു തൃശൂര്‍ ജില്ല രൂപീകൃതമായത്. കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം തൃശൂരിനു പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുന്ന തൃശൂര്‍ പൂരവും ഏഷ്യയിലെ ഏറ്റവും വലിയ റൗണ്ടായ തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടുമെല്ലാം തൃശൂരിന്‍റെ അഭിമാന സ്തംഭങ്ങള്‍.

രൂപീകൃതമായി ആറര പതിറ്റാണ്ടിനിടെ തൃശൂര്‍ സ്വന്തമാക്കിയ നേട്ടങ്ങളും ഏറെ. മലയാളത്തിന്‍റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശൂരാണ്. കൂടാതെ കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി എന്നിവയും തൃശൂരില്‍ തന്നെ. കേരള കാര്‍ഷിക സര്‍വകലാശാല, കേരള ആരോഗ്യ സര്‍വകലാശാല, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല എന്നിവ അക്കാദമിക് രംഗത്തു തൃശൂരിന്‍റെ സുവര്‍ണ നേട്ടങ്ങളാണ്. കേരളത്തിന്‍റെ കാവല്‍ഭടന്‍മാരായ കേരള പോലീസിനെ വാര്‍ത്തെടുക്കുന്ന കേരള പോലീസ് അക്കാദമി തൃശൂരിനടുത്തു രാമവര്‍മപുരത്താണ്. കേരള എക്സൈസ് അക്കാദമിയും തൃശൂരില്‍ സ്ഥിതി ചെയ്യുന്നു.

തൃശൂരിലെ സാഹിത്യകാരന്‍മാര്‍ എക്കാലവും തങ്ങളുടെ കൈമുദ്രകള്‍ പതിപ്പിച്ചവരാണ്. കണ്ണൂരില്‍നിന്നു തൃശൂരിലെത്തി കേരളത്തിന്‍റെ സാഗരഗര്‍ജനമായി മാറിയ ഡോ. സുകുമാര്‍ അഴീക്കോട്, കുറുങ്കവിത കളിലൂടെ ആശയത്തിന്‍രെ കടല്‍ മലയാളിക്കു സമ്മാനിച്ച കവി കുഞ്ഞുണ്ണി മാഷ്, ഗ്രാമീണരുടെ ഹൃദയപാടങ്ങളില്‍ കവിത വിതച്ചു കടന്നുപോയ കെ.എസ്.കെ. തളിക്കുളം, മലയാള സിനിമാഗാന രംഗത്തും കവിതയുടെ വിഹായസിലും അക്ഷരവിസ്മയം സൃഷ്ടിച്ച യൂസഫലി കേച്ചേരി, നാഴൂരിപ്പാലിന്‍റെ മാധുര്യം പകര്‍ന്ന പി. ഭാസ്കരന്‍, നീര്‍മാതളപ്പൂക്കളുടെ സുഗന്ധം സമ്മാനിച്ച മാധവിക്കുട്ടി, പട്ടാളബാരക്കുകളിലേക്കു മലയാളിയെ കൂട്ടിക്കൊണ്ടുപോയ കോവിലന്‍, നോവലിനു ഗരിമ നല്‍കിയ വിലാസിനിയെന്ന എം.കെ. മേനോന്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍, ചാത്തന്‍സിനേയും പയ്യന്‍സിനേയും നമുക്കുതന്ന വടക്കേ കൂട്ടാല നാരായണമേനോന്‍ എന്ന വി.കെ.എന്‍... അങ്ങിനെ എണ്ണിയാല്‍ തീരാത്ത സാഹിത്യകാരന്‍മാര്‍..

കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍റെ സ്വന്തം തട്ടകമായിരുന്നു തൃശൂര്‍. സി. അച്യുതമേനോന്‍, പ്രഫ. ജോസഫ് മുണ്ടശേരി, വി.വി. രാഘവന്‍... തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും തിളങ്ങിയ എത്രയോ നക്ഷത്രങ്ങള്‍ തൃശൂരില്‍ നിന്നുദിച്ചുയര്‍ന്നു.

രാമുകാര്യാട്ടും ഭരതനും ലോഹിതദാസും സത്യന്‍ അന്തിക്കാടും കമലും ഇന്നസെന്‍റും ഒടുവില്‍ ഉണ്ണികൃഷ്ണനും മാള അരവിന്ദനും ബിജുമേനോനും ബഹദൂറും കലാഭവന്‍ മണിയും സംഗീതസംവിധായകന്‍ ജോണ്‍സണും ഗായകരായ അനൂപ് ശങ്കര്‍, ഗായത്രി, ജ്യോത്സന, നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഭാവന, ഗോപിക എന്നിവരുമടക്കം മലയാള സിനിമാമേഖലയിലെ താരത്തിളക്കങ്ങളും തൃശൂരിന്‍റെ സംഭാവനകളാണ്.

ബിസിസന് രംഗത്ത് ആഗോളതലത്തില്‍ തന്നെ കെങ്കേമന്‍മാരായ പലരും തൃശൂരില്‍ നിന്നുള്ളവരാണ്. കായികരംഗത്ത് ഐ.എം. വിജയനും ജോ പോള്‍ അഞ്ചേരിയും സി.വി. പാപ്പച്ചനും ലിജോ ഡേവിഡ് തോട്ടാനുമെല്ലാം തൃശൂരിന്‍റെ അഭിമാനതാരങ്ങള്‍.

തൃശ്ശിവപേരൂര്‍ എന്നും വൃഷഭാദ്രിപുരം എന്നുമാണു തൃശൂരിന്‍റെ പഴയ പേരുകളായി ചരിത്രത്തില്‍ കാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ചേരമാന്‍ ജുമാ മസ്ജിദും കൊടുങ്ങല്ലൂരിലാണ്.

ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്‍റെയും ഇന്ത്യയുടേയും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനാണ്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളി തൃശൂരിന്‍റെ നഗരഹൃദയത്തിലാണ്. കടല്‍തീരമില്ലാത്ത ഏക കോര്‍പറേഷന്‍ എന്ന പ്രത്യേകതയും തൃശൂരിന് സ്വന്തം.

ഗുരുവായൂരിലെ ആനക്കോട്ടയായ പുന്നത്തൂര്‍ കോട്ട ടൂറിസറ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. പ്രാചീന കാലത്തെ മുസിരിസ് തുറമുഖം കൊടുങ്ങല്ലൂരിനടുത്താണ്. ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ സാക്ഷരഗ്രാമം തൃശൂര്‍ ജില്ലയിലെ തയ്യൂരിലും ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് വരവൂരിലും ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷര ഗ്രാമം ഒല്ലൂക്കരയിലുമാണ്.

ഔഷധിയുടെ ആസ്ഥാനം തൃശൂരിനടുത്തുള്ള കുട്ടനെല്ലൂരാണ്. ഇത്തരത്തില്‍ സവിശേഷതകളും നേട്ടങ്ങളും സ്വന്തമാക്കി തൃശൂര്‍ വളരുകയാണ്. പുത്തൂരില്‍ വരാന്‍ പോകുന്ന സുവോളജിക്കല്‍ പാര്‍ക്കും പട്ടിക്കാട് രാജ്യാന്തര യൂണിവേഴ്സിറ്റിയും കുതിരാനില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യത്തെ ടണല്‍പാതയുമെല്ലാം തൃശൂരിന്‍റെ വികസനക്കുതിപ്പുകളില്‍ ചിലതുമാത്രം.


news deepika
Share
Banner

EC Thrissur

Post A Comment:

0 comments: