ഓശാന ഞായറാഴ്ച സെന്റ് തോമാസ് ആശ്രമദേവാലയത്തില്‍ കുര്‍ബാനയ്‌ക്കെ ത്തിയ വയോധികയുടെ മാല പൊട്ടിച്ച സഹോദരിമാരായ സ്ത്രീകള്‍ അറസ്റ്റില്‍. ഈറോഡ് മരപ്പട്ടി വീഥി സ്വദേശി ഈശ്വറിന്റെ ഭാര്യ ഭവാനി (38), മരപ്പട്ടി വീഥി സ്വദേശി രാജേഷിന്റെ ഭാര്യ ഉമ (35) എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി കുണ്ടുകുളങ്ങര വീട്ടില്‍ വറുതുണ്ണിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ഏലിയാമ്മയുടെ മൂന്നേകാല്‍ പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ചത്.
പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് ഇറങ്ങുന്നതിനിടെ പ്രതികളിലൊരാളായ ഉമ മനഃപൂര്‍വം തിരക്ക് ഉണ്ടാക്കുകയും ഭവാനി ഏലിയാമ്മയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കുകയുമായിരുന്നു. മാല പൊട്ടിക്കുന്നത് പുറകിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു.
പൊട്ടിച്ച മാല നിലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ മറ്റുള്ളവര്‍ ചേര്‍ന്ന് തടഞ്ഞ് പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. അനില്‍കുമാര്‍ ടി. മേപ്പിള്ളി, എ.എസ്.ഐ. സി.എം. രാധാകൃഷ്ണന്‍, സിനീയര്‍ സി.പി.ഒ.മാരായ എ.യു. മനോജ്, കെ.പി. ബാബു, വനിത സി.പി.ഒ. കെ.എം. സൗമ്യ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാലക്കാട് കസബ സ്റ്റേഷന്‍ പരിധിയിലെ പാറ ബസ് സ്റ്റോപ്പിനു സമീപമാണ് പിടിയിലായ സ്ത്രീകള്‍ താമസിച്ചിരുന്നത്. കൊഴിഞ്ഞാംപാറയില്‍ നിന്ന് ഗുരുവായൂര്‍ വഴി ബസിലാണ് പാവറട്ടിയില്‍ എത്തിയത്. ആരാധനാലയങ്ങളില്‍ എത്തുന്ന പ്രായംചെന്ന സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Post A Comment:
0 comments: