Navigation
Recent News

മരുതയൂര്‍ ചന്ദനക്കുടം നേര്‍ച്ചയുടെ മുട്ടുംവിളി തുടങ്ങി

പാവറട്ടി മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളി അങ്കണത്തില്‍ അന്ത്യവിശ്രം കൊള്ളുന്ന ശൈഖുനാ മീനാത്ത് അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ഒര്‍മ്മയ്ക്കായുള്ള ചന്ദനക്കുടം നേര്‍ച്ചയുടെ മുട്ടുംവിളി തുടങ്ങി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് നേര്‍ച്ച ആഘോഷം.
നേര്‍ച്ചയുടെ വരവറിയിച്ച് ഒറ്റപ്പാലം കോതകുറുശ്ശിയിലെ സെയ്തലവിയുടെ നേതൃത്വത്തില്‍ നാലംഗസംഘമാണ് വീടുവീടാന്തരം കയറി മുട്ടുംവിളി നടത്തുന്നത്. ചൊവ്വാഴ്ച പള്ളി അങ്കണത്തില്‍നിന്ന് പ്രാര്‍ഥനയോടെ തുടങ്ങിയ മുട്ടുംവിളി ഞായറാഴ്ചവരെ ഉണ്ടാകും. മുരസ്, ഒറ്റ, കുഴല്‍ എന്നീ വാദ്യോപകരങ്ങള്‍ ഉപയോഗിച്ചാണ് സംഘം മുട്ടുംവിളി നടത്തുന്നത്.
22 വര്‍ഷമായി സെയ്തലവിയും സംഘവുമാണ് മരുതയൂരില്‍ എത്തുന്നത്. വെള്ളിയാഴ്ച രാത്രി 7.30ന് പള്ളി അങ്കണത്തില്‍ എം.എം.കെ. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കവാലി പ്രോഗ്രാം നടക്കും. ശനിയാഴ്ച രാവിലെ പത്തിന് നട്ടാണിപ്പറമ്പ് വി.എം. ബക്കറിന്റെ വസതിയില്‍നിന്ന് താബൂത്ത് കാഴ്ച പുറപ്പെടും.
വാദ്യമേളങ്ങളും ഗജവീരനും അകമ്പടിയാകും. പള്ളിയങ്കണത്തിലെത്തിയശേഷം ജാറത്തില്‍ പട്ട് സമര്‍പ്പിക്കും. വൈകീട്ട് എം.സഡ്. ചുക്കുബസാര്‍, ബീറ്റ്‌സ് വെന്‍മേനാട്, ബോക്ക് കാശ്മീര്‍ റോഡ്, ലാസിയോണ്‍ കൂരിക്കാട്, 7.8 കോന്നന്‍ബസാര്‍ ടീമുകളുടെ കാഴ്ചകള്‍ പള്ളി അങ്കണത്തിലെത്തും. നേര്‍ച്ചയുടെ പ്രധാന ദിവസമായ ഞായറാഴ്ച കൊടിയേറ്റക്കാഴ്ചകള്‍ ഒന്‍പത് ദേശങ്ങളില്‍നിന്നും പുറപ്പെട്ട് 12 മണിയോടെ കവല സെന്ററില്‍ സംഗമിച്ച് മുട്ടുംവിളി, അറവനമുട്ട്, കോല്‍ക്കളി, ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങി വിവിധതരം വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ജാറം പരിസരത്തെത്തി ഒരുമണിയോടെ കൊടിയേറ്റകര്‍മം നടത്തും.
ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തുന്ന കാഴ്ച ജാറം വക കൊടിയേറ്റും. തുടര്‍ന്ന് മറ്റു കൊടിയേറ്റച്ചടങ്ങുകള്‍ നടക്കും. മൗലീദ് പാരായണം, കൂട്ട സിയാറത്ത്, ചക്കരക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകും. രാത്രി ഫയര്‍ ബ്രാന്‍ഡ് വെന്‍മേനാട്, ഏബിള്‍ ബോയ്‌സ് പള്ളിത്ത്പറമ്പ്, എസ്.ബി.കെ. കവല, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്‌ളാസ്റ്റ് വെള്ളായിപറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ വര്‍ണമനോഹരമായ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തുമെന്ന് നേര്‍ച്ച ആഘോഷകമ്മിറ്റി ഭാരവാഹികളായ വി.സി. ഫൈസല്‍, മീനുകണിയത്ത്, സലീം കടയില്‍, ബക്കര്‍ പൂത്താട്ടില്‍ എന്നിവര്‍ പറഞ്ഞു.
Share
Banner

EC Thrissur

Post A Comment:

0 comments: