നാട്ടിലേക്ക് തിരിച്ചുപോകാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് പാവറട്ടി പോലീസും യാത്രക്കാരും തുണയായി.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി സദാശിവ ഡഗാഡു ഭാര്യ മാല്‍ക്ക, മക്കളായ ഓം, ശാര്‍ത്തക് എന്നിവരാണ് കേബിള്‍ കുഴിയെടുക്കുന്ന ജോലിക്കായി കേരളത്തിലെത്തിയത്. ഇവരുടെ നാട്ടിലുള്ള കരാറുകാരന്‍ പറഞ്ഞതനുസരിച്ചാണ് സദാശിവനും കുടുംബവും ജോലിക്കായി കേരളത്തിലെത്തിയത്. മഹാരാഷ്ട്രയില്‍നിന്ന് ട്രെയിനിലാണ് ഗുരുവായൂരില്‍ എത്തിയത്. കരാറുകാരന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ സദാശിവന്‍ ബന്ധപ്പെട്ടു. എന്നാല്‍, ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഒട്ടേറെ തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരിച്ച് നാട്ടിലേക്ക് പോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സദാശിവനും കുടുംബവും ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിശന്നുകരയുന്ന മക്കളുമായി രണ്ടുദിവസം തള്ളിനീക്കി. പലരോടും തിരിച്ചുപോകാന്‍ പണം ചോദിച്ചെങ്കിലും കിട്ടിയില്ല.
എന്തുചെയ്യണമെന്നറിയാതെ അലഞ്ഞ സദാശിവനും കുടുംബവും ഒടുവില്‍ പാവറട്ടിയില്‍ കടവരാന്തയില്‍ അഭയം തേടി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പാവറട്ടി എസ്.ഐ. എസ്.അരുണും സംഘവും സ്ഥലത്തെത്തി. പോലീസിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ടിക്കറ്റിനാവശ്യമായ പണം നാട്ടുകാരില്‍നിന്ന് സ്വരൂപിച്ചു. എസ്.ഐ. അരുണിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തില്‍ സദാശിവനെയും കുടുംബത്തെയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. രാത്രി താമസിക്കാനും പിറ്റേന്ന് പോകുന്നതിനുമുള്ള സൗകര്യം റെയില്‍വെ അധികൃതര്‍ ഏര്‍പ്പാടാക്കി.
Post A Comment:
0 comments: