Navigation
Recent News

ബിഷപ്പിന്റെ ഉറക്കം കളഞ്ഞ രാത്രി !!


തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ബഹു. ജോസഫ്‌ കുണ്ടുകുളം പണ്ടൊരിക്കല്‍ ഒരു പ്രസംഗത്തില്‍ ഹാസ്യാത്മകമായി പറഞ്ഞ ഒരു കാര്യം ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. ആ കാര്യം ഞാനിവിടെ പങ്കുവെക്കാം.

 കുണ്ടുകുളം പിതാവ് ബിഷപ്പ് ആകുന്നതിനു മുന്‍പ് ഒരു പള്ളിയില്‍ വികാരിയായി സേവനം ചെയ്യുന്ന കാലം. പാവപ്പെട്ടവരും സാധാരണക്കാരും എന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.

ഏതൊരുവനും ഏതു പാതിരായ്ക്കും അച്ചന്റെ മുറിയില്‍ കയറിവരാനും സങ്കടങ്ങള്‍ പറയാനും സ്വാതന്ത്ര്യമുണ്ട്. വരുന്നവര്‍ സമാധാനമായേ വീട്ടിലേക്ക് മടങ്ങിപോകാറുള്ളൂ. (അതുകൊണ്ടുതന്നെയാണ് പില്‍ക്കാലത്ത്‌ "പാവങ്ങളുടെ പിതാവ്" എന്ന വിശേഷണം കുണ്ടുകുളം പിതാവിന് കിട്ടിയത്.)

ആ ഇടവകയിലെ ഓരോ കുടുംബത്തേയും ഓരോ വ്യക്തിയേയും അച്ചന് നന്നായി അറിയാം. ഏതു വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായാലും അവസാനത്തെ മധ്യസ്ഥന്‍ കുണ്ടുകുളം അച്ചനായിരിക്കും. അച്ചന്‍ ഒരു വാക്ക് പറഞ്ഞാല്‍ അതിനെ ഖണ്ഡിച്ചു പറയാന്‍ ആര്‍ക്കും നാക്ക് ഉയരില്ല. അത്രയും ബഹുമാനമായിരുന്നു ആ ഇടവകക്കാര്‍ക്ക് അച്ചനോട് ഉണ്ടായിരുന്നത്.

ആയിടയ്ക്ക് ഒരു ദിവസം ഇടവകയിലെ ഒരു "കുഞ്ഞാടായ" ലോനപ്പന്‍ ചേട്ടന്റെ വീട്ടില്‍ അപ്പനും മക്കളും തമ്മില്‍ വലിയൊരു വഴക്ക് ഉണ്ടായി. വിഷയം എന്താണെന്നോ? ലോനപ്പന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റു. വലിയൊരു സംഖ്യയും കിട്ടി. ആ പൈസയുടെ ഓഹരിയെചൊല്ലിയാണ് തര്‍ക്കം.

മൂത്തവന്‍ പറയുന്നു, "ഞാന്‍ കഷ്ടപ്പെട്ടാണ്‌ വീട് പുലര്‍ത്തുന്നത്. അതുകൊണ്ട് കൂടുതല്‍ ഓഹരി എനിക്ക് കിട്ടണം.” അപ്പോള്‍ ഏറ്റവും ഇളയവന്‍ പറയുന്നു, “ഞാനാണ് ഏറ്റവും ഇളയ കുട്ടി. അതുകൊണ്ട് കൃസ്ത്യന്‍ പാരമ്പര്യം അനുസരിച്ച് എനിക്കാണ് കൂടുതല്‍ ഓഹരി കിട്ടേണ്ടത്."

പിന്നെയുള്ള മൂന്നുമക്കള്‍ പെണ്‍കുട്ടികള്‍ ആയിരുന്നതുകൊണ്ടും അവരുടെ കല്യാണം കഴിഞ്ഞിരുന്നതുകൊണ്ടും അവരില്‍ നിന്ന് വലിയ ഒച്ചപ്പാടൊന്നും ഉണ്ടായില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയുടെ വക്കത്തെത്തി. അപ്പോള്‍ സമയം രാത്രിയായിരുന്നു. ചുറ്റുമുള്ള നാട്ടുകാര്‍ ഒരു സിനിമ കാണുന്ന ഭാവത്തില്‍ എല്ലാം കണ്ട് രസിക്കുകയും അത്യാവശ്യം മൂപ്പിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. (അതാണല്ലോ പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് അറിയാവുന്ന കാര്യം.)

കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്ന് കണ്ടപ്പോള്‍ തലമൂത്ത ഒരു അയല്‍വാസി, ലോനപ്പന്‍ ചേട്ടനോട് പറഞ്ഞു, : "ചേട്ടാ, ഇത് ഇവിടെ തീരുന്ന ലക്ഷണമൊന്നുമില്ല. നമുക്ക് കുണ്ടുകുളം അച്ചന്റെ അടുത്തുപോയി സംസാരിക്കാം. അച്ചന്‍ എന്താണ് പറയുന്നത് എന്നുവച്ചാല്‍ അതുപോലെയങ്ങു ചെയ്യാം. എന്താ സമ്മതമല്ലേ?..."

അങ്ങനെ, എല്ലാവരുംകൂടി കുണ്ടുകുളം അച്ചന്റെ മേടയില്‍ എത്തി. കൂടെ പണം നിറച്ച ഒരു ചെറിയ പെട്ടിയും (പണ്ടത്തെ ട്രങ്ക് പെട്ടി) ഉണ്ടായിരുന്നു. ലോനപ്പന്‍ ചേട്ടന്‍ ഉണ്ടായ കാര്യങ്ങള്‍ അച്ചനോട് പറഞ്ഞു. എന്ത് മറുപടി പറയണം എന്നറിയാതെ അച്ചനും ആകെ വല്ലാതായി. ഒടുവില്‍ അച്ചന്‍ പറഞ്ഞു, : "ഇപ്പോള്‍ സമയം രാത്രിയായല്ലോ. ഇന്ന് തല്‍ക്കാലം എല്ലാവരും വീട്ടില്‍ പോയി നന്നായി ഉറങ്ങ്‌ ... നാളെ നേരം വെളുത്ത് നമുക്ക് നല്ലൊരു പരിഹാരം ഉണ്ടാക്കാം. അതുവരെ ഈ പണപ്പെട്ടി ഇവിടെ ഇരിക്കട്ടെ ...."

അച്ചന്റെ വാക്ക് മാനിച്ച് എല്ലാവരും വീട്ടിലേക്ക് തിരിച്ചുപോയി. പോകും വഴി ലോനപ്പന്‍ ചേട്ടന്‍ അച്ചനോട് പറഞ്ഞു : "എന്റച്ചോ, ഈ പണപ്പെട്ടി അച്ചന്റെ പക്കല്‍ ഇരിക്കുന്നതുകൊണ്ട്‌ എനിക്കിന്ന് സമാധാനമായി ഉറങ്ങാം. ഇത് ഇന്ന് എന്റെ വീട്ടില്‍ ആയിരുന്നെങ്കില്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല ...."

അവര്‍ പോയതിനു ശേഷം അച്ചന്‍ തന്റെ മുറിയുടെ വാതിലടച്ച്‌ കുറച്ചുനേരം ആ പണപ്പെട്ടിയും നോക്കിയിരുന്ന് അടുത്ത ദിവസം പറയേണ്ട പരിഹാരത്തെക്കുറിച്ച് ചിന്തിച്ചു. മിനിട്ടുകള്‍ മണിക്കൂറായത് അച്ചന്‍ അറിഞ്ഞില്ല. അച്ചന്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്തംതന്നെ. അച്ചന് ഉറക്കം വരുന്നില്ല. പണപ്പെട്ടി കാണുമ്പോള്‍ ഉള്ളില്‍ ആകെ ആധിയും അങ്കലാപ്പും.

അച്ചന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, "പണപ്പെട്ടി എന്റെ പക്കല്‍ ഉള്ള കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ആരെങ്കിലും ഇന്ന് രാത്രി ഇവിടെ കയറി ഇത് മോഷ്ടിച്ചാല്‍ നാളെ കാലത്ത് ഞാന്‍ അവരോട് എന്ത് പറയും? … കള്ളന്‍ കൊണ്ടുപോയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നെ പിന്നെ ഒരു കള്ളനായല്ലേ എല്ലാവരും കാണുകയുള്ളൂ ..... ലോനപ്പന്‍ ചേട്ടനും മക്കളും ഇപ്പോള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നുണ്ടാവും. എനിക്കാണെങ്കില്‍ ഉറക്കവും വരുന്നില്ല .... ഈ പണപ്പെട്ടികൊണ്ടുള്ള തലവേദന കുറച്ചൊന്നുമല്ലല്ലോ ദൈവമേ .... എങ്ങനെയെങ്കിലും നേരം ഒന്നു വെളുത്തുകിട്ടിയാല്‍ മതി .... കുറച്ച് പണം വന്നപ്പോള്‍ ഇതാണ് എന്റെ അവസ്ഥയെങ്കില്‍ ലക്ഷങ്ങളും കോടികളും കൈയ്യില്‍ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും? .... എന്റമ്മേ, എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല ....."

ഇങ്ങനെ ഓരോന്നും ചിന്തിച്ച് ചിന്തിച്ച് അച്ചന്‍ നേരംവെളുപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കപ്യാര്‍ പുലര്‍ച്ചമണി അടിച്ചപ്പോഴാണ്‌ കുര്‍ബാനയ്ക്ക് നേരമായി എന്ന് മനസ്സിലായത്‌. പണപ്പെട്ടി മുറിയില്‍ വച്ചിട്ട് കുര്‍ബാനയർപ്പിക്കാൻ പോകാനും അച്ചന് ധൈര്യമില്ല. കുർബാനയർപ്പിക്കാൻ പോകാതിരിക്കാന്‍ കഴിയുമോ, അതുമില്ല. ഒടുവില്‍ ആ പെട്ടി ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞ് കുര്‍ബാനയർപ്പിക്കാൻ പോകുമ്പോള്‍ കൂടെകൊണ്ടുപോയി ആരും കാണാതെ സങ്കീര്‍ത്തിയില്‍ ഒരു സ്ഥലത്ത് കൊണ്ടുപോയി വച്ചു.

കുര്‍ബാനയർപ്പിക്കുമ്പോഴും അച്ചന്റെ ചിന്ത മുഴുവന്‍ ആ പണപ്പെട്ടിയെക്കുറിച്ചായിരുന്നു. ആരും അത് അടിച്ചുമാറ്റല്ലേ ദൈവമേ എന്ന് മാത്രമായിരുന്നു ആ കുര്‍ബാന തീരുംവരെ അച്ചന്റെ ഒരേയൊരു പ്രാര്‍ത്ഥന. മുന്നിലേക്ക്‌ നോക്കുമ്പോള്‍ അതാ കാണുന്നു ലോനപ്പന്‍ ചേട്ടനും സാധാരണ ഞായറാഴ്ചകളിലല്ലാതെ മറ്റൊരു ദിവസവും പള്ളിയില്‍ വരാത്ത ലോനപ്പന്‍ ചേട്ടന്റെ മക്കളും അന്ന് "ഭക്തിപൂര്‍വ്വം" കുര്‍ബാനയില്‍ പങ്കുകൊള്ളുന്നു.

കുര്‍ബാന കഴിഞ്ഞ ഉടനെ ലോനപ്പന്‍ ചേട്ടനും മക്കളും മറ്റു ഏതാനും നാട്ടുകാരും അച്ചന്റെ മുറിയില്‍ എത്തി. അച്ചന്‍ തുണിയില്‍ പൊതിഞ്ഞ പണപ്പെട്ടിയുമായി അവിടെ എത്തി. ഒരുവിധത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അപ്പനേയും മക്കളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, പണം യഥാവിധം അവര്‍ക്ക് വീതിച്ചു നല്‍കി അവരെ രമ്യതയിലാക്കി. എന്നിട്ട് അച്ചന്‍ അവരോട് ചോദിച്ചു,

"ഇന്നലെ രാത്രി നിങ്ങള്‍ നന്നായി ഉറങ്ങിയില്ലേ?"

ലോനപ്പന്‍ ചേട്ടന്‍, : "ഉവ്വച്ചോ, ഇന്നലെ ഇവിടന്നു ചെന്നപാടേ ഭക്ഷണവും കഴിച്ചു കിടന്ന കിടപ്പാ. പുലര്‍ച്ചമണി അടിച്ചപ്പോഴാ ഉണര്‍ന്നത്. ഹോ, എന്തൊരു ഉറക്കമായിരുന്നു എന്റച്ചോ .... ഈ അടുത്ത കാലത്തൊന്നും ഞാന്‍ ഇതുപോലെ ഉറങ്ങിയിട്ടില്ല .... പണപ്പെട്ടി അച്ചന്റെ പക്കല്‍ ആയതു നന്നായി"

അച്ചന്‍ : "അതേതായാലും നന്നായി. നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്നാല്‍ ഞാന്‍ ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല. ഈ പണം എന്നത് ഉറക്കം കളയുന്ന ഒരു സാധനമാണെന്ന് എനിക്കിപ്പഴാ മനസ്സിലായത്‌. അതുകൊണ്ട്, ഇനി മേലാല്‍ പണം സൂക്ഷിക്കുന്ന ഏര്‍പ്പാട് ഉണ്ടാവില്ല. കൈയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാല്‍ ഇതിപ്പോള്‍ "കൈയ്യില്‍ കാശ് ഇരുന്നാല്‍ ഉറക്കം നഷ്ടപ്പെടും" എന്ന കാര്യം പുതിയ അറിവാണ് ..."

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് സന്തോഷത്തോടെ തിരികെ പോയി.

പോള്‍സണ്‍ പാവറട്ടി
Share
Banner

EC Thrissur

Post A Comment:

0 comments: