പുഴയ്ക്കലില്‍ 160 വര്‍ഷം പഴക്കമുള്ള ഇരിമ്പുപാലം തകര്‍ന്നുവീണു.
വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. സമാന്തര പാലം നിര്‍മ്മിച്ചതിനുശേഷം വലിയ വാഹനങ്ങള്‍ ഉപേക്ഷിച്ച പാലത്തിലൂടെ ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോവാറുള്ളതാണ്. പാലം തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പ് ഒരു കാല്‍നടക്കാരനും ഓട്ടോയും പാലത്തിലൂടെ കടന്നുപോയിരുന്നു.
1856ല്‍ നിര്‍മ്മിച്ച പാലത്തിന്റെ ഭിത്തികള്‍ കാലപ്പഴക്കംമൂലം മഴയില്‍ കുതിര്‍ന്ന് വീണതാകാമെന്നു സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ഈ പാലത്തിന് സമാനമായ ഒരു ഇരുമ്പുപാലം കേച്ചേരിയിലുമുണ്ട്.
പൂങ്കുന്നം മുതല്‍ ചൂണ്ടല്‍ വരെ നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പുഴയ്ക്കലിലെ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മ്മിക്കാനായി നിര്‍ദ്ദേശമുണ്ടായിരുന്നു. നാലുവരിപ്പാത മുതുവറയില്‍ അവസാനിച്ചപ്പോള്‍ ബാക്കി പണികള്‍ പൂര്‍ത്തിയാക്കി പുഴയ്ക്കലില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതിയും തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് പാലം തകര്‍ന്ന് വീണത്.
പടിഞ്ഞാറ് ഭാഗത്തേക്ക് ചെരിഞ്ഞാണ് വീണത്. ഇതോടെ പുഴയിലെ ഒഴുക്കും തടസ്സപ്പെട്ടു.
news and photo : www.mathrubhumi.com/
Post A Comment:
0 comments: