‘കയ്യക്ഷരം ശരിയാക്കിത്തരാം’
എന്ന പരസ്യംകണ്ട് പരസ്യക്കാര് നിര്ദ്ദേശിച്ചപ്രകാരം ഉണ്ണിക്കുട്ടന് 1000 രൂപ മണിഓര്ഡറയച്ചു. എന്നാല് നാളേറേ കഴിഞ്ഞിട്ടും മറുപടിയൊന്നും ഉണ്ടായില്ല. പലപ്രാവശ്യം ഉണ്ണിക്കുട്ടന് അവര്ക്ക് എഴുത്തെഴുതി. കുറേ എഴുത്തുകള്ക്കുശേഷം പരസ്യക്കാര് പ്രതികരിച്ചു
“ഇപ്പോള് താങ്കളുടെ കയ്യക്ഷരം ശരിയായി വരുന്നു. തുടര്ന്നും ഞങ്ങള്ക്കെഴുതുക””
വലിയപാട്ടുകാരായിത്തീരുവാനും, കായികതാരങ്ങളായിത്തീരുവാനും, നര്ത്തകരായിത്തീരുവാനും, കന്പ്യൂട്ടര് വിദ്യാഭ്യാസം നേടുവാനും ആഗ്രഹങ്ങള് പ്രകടിപ്പിക്കുന്നവരാണല്ലോ നമ്മുടെ കുഞ്ഞുങ്ങള്. അവരൊക്കെ കയ്യക്ഷരം ശരിയാക്കാന് ആഗ്രഹമുള്ള ഉണ്ണിക്കുട്ടന്മാരെപ്പോലെതന്നെയാണ്. എന്നാല് ഈ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമമൊന്നും കാണിക്കുന്നില്ല. എളുപ്പത്തില് വലിയവരായിത്തീരുവാനും കഴിവുകള് സന്പാദിക്കുവാനും വഴികളന്വേഷിച്ച് അവര് സമയവും നഷ്ടപ്പെടുത്തുന്നു. ഇവിടെയാണ് ഈ ആഗതമാകുന്ന അവധിക്കാലത്തിന്റെ പ്രസക്തി. \
കുഞ്ഞുങ്ങളുടെ അഭിരുചികളും കഴിവുകളും വളര്ത്തുവാനുള്ള നല്ല ദിനങ്ങളാകട്ടെ അവധിക്കാലം. അവധിക്കാലം ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലേര്പ്പെടാന് കുഞ്ഞുങ്ങള് പരിശ്രമിക്കുമല്ലോ. നമ്മുടെ അഭിരുചിക്കനുസൃതമായ പാഠ്യേതര പ്രവര്ത്തനങ്ങളില് ശ്രദ്ധചെലുത്തി കഴിവുകള് വളര്ത്തുവാനുളള നല്ല അവസരമാക്കി അവധിക്കാലം മാറ്റണം. അലസമായി വെറുതെ സമയം കളയരുത്.
കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് നമ്മെ വിജയത്തിലെത്തിക്കുക. കെ. സി. കേശവമേനോന്റെ വരികള് ശ്രദ്ധിക്കൂ
പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കുവാന് കഴിവുള്ളവണ്ണം
ദീര്ഘങ്ങളാം കൈകളെ നല്കിയത്രേ
മനുഷ്യനെപ്പാരിലയച്ചതീശന്
എഴുതിയെഴുതി ഉണ്ണിക്കുട്ടന്റെ കയ്യക്ഷരം മെച്ചപ്പെട്ടതുപോലെ നിരന്തര ശ്രമത്തിലൂടെ ജീവിതമൂല്യങ്ങളും കഴിവുകളും വളര്ത്തിയെടുക്കാന് കൂട്ടുകാര്ക്ക് സാധിക്കട്ടെ. മാതാപിതാക്കള് ഈ കാര്യങ്ങളില് കൂട്ടുകാരെ സഹായിക്കണം. നിങ്ങള്ക്കെല്ലാവര്ക്കും നല്ല അവധിക്കാലം നേരുന്നു.
വായിച്ച് വളരാം!
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ കിട്ടുന്ന സമയമാണിത്. കഥ, കവിത, നോവല്‍, യാത്രാവിവരണങ്ങള്‍ അങ്ങനെ എന്തും വായിക്കാം. വായിക്കുന്ന പുസ്തകങ്ങളുടെ ചെറുകുറിപ്പുകള്‍ ഒരു ഡയറിയിലോ പുസ്തകത്തിലോ എഴുതിസൂക്ഷിക്കുകയും ചെയ്യാം. വായിച്ച പുസ്തകത്തിന്റെ പേര്, ഗ്രന്ഥകര്‍ത്താവ്, സംഗ്രഹം എന്നിവയെല്ലാം കുറിപ്പില്‍ ഉള്‍പ്പെടുത്തണം. ഇത് പിന്നീട് ഉപകാരപ്പെടും. ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ച് വീട്ടില്‍തന്നെ ഒരു ചെറു ലൈബ്രറി തുടങ്ങുകയും ആവാം.
കളികളുടെ കാലം!
ഓടിയും ചാടിയും കൂട്ടുകൂടിയും കളിക്കാവുന്ന കുറേ നല്ല കളികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് വീഡിയോ ഗെയിമുകളും കമ്പ്യൂട്ടറുമൊക്കെ വന്നപ്പോള്‍ അന്യംനിന്നുപോയവ. നമ്മുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്ന ഇത്തരം നാടന്‍കളികളില്‍ ചിലത് അറിയാനും കളിക്കാനും ശ്രമിക്കാം. ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ചുമടുക്കുമ്പോള്‍ ഇത്തരം കളികളും ഒന്നു കളിച്ചുനോക്കാവുന്നതാണ്. വീട്ടിലെ പ്രായമായവരോടോ നാട്ടുകാരോടോ ഒക്കെ അന്വേഷിച്ചാല്‍ ഈ കളികളെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിയും.
പക്ഷികള്‍ക്കൊപ്പം പറക്കാം!
പല ഹോബികളും തുടങ്ങാന്‍ പറ്റിയ സമയമാണ് അവധിക്കാലം. അതിലൊന്നാണ് പക്ഷിനിരീക്ഷണം. അല്‍പം ക്ഷമയും ശ്രദ്ധയുമുണ്ടെങ്കില്‍ ആര്‍ക്കും തുടങ്ങാവുന്നതേയുള്ളൂ ഈ രസികന്‍ വിനോദം. പക്ഷിനിരീക്ഷണം എന്നു പറയുമ്പോള്‍ ബൈനോക്കുലര്‍ മാത്രം ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണെന്ന് കരുതേണ്ട. നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പക്ഷികളെയെല്ലാം നിരീക്ഷിച്ച് ഒരു പട്ടിക തയ്യാറാക്കുന്നതുപോലും പക്ഷിനിരീക്ഷണമാണ്. പക്ഷികളെപ്പറ്റി കൂടുതല്‍ അറിയാന്‍ മുതിര്‍ന്നവരുടെയോ പുസ്തകങ്ങളുടെയോ സഹായം തേടാം. ക്യാമറയുണ്ടെങ്കില്‍ പക്ഷികളുടെ ചിത്രമെടുത്ത് സൂക്ഷിക്കുകയും ചെയ്യാം. പക്ഷികളെ വീട്ടിലേക്ക് വരുത്താനും വിദ്യയുണ്ട്. ഒരു വലിയ പരന്നചട്ടിയില്‍ വെള്ളമെടുത്ത് വീടിന്റെ ഒഴിഞ്ഞ ഭാഗത്ത് വെച്ചുനോക്കൂ. പക്ഷികള്‍ വെള്ളംകുടിക്കാന്‍ വരുന്നതുകാണാം.
പഠിക്കാം കരവിരുതുകള്‍!
പാഴ്വസ്തുക്കള്‍കൊണ്ട് രസകരമായ പല കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും ഉണ്ടാക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതൊന്ന് പരീക്ഷിച്ചുനോക്കാന്‍ തോന്നുന്നില്ലേ? ഇത്തരം നിര്‍മാണങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിച്ച് അവയൊക്കെ ചെയ്തുനോക്കാം. ക്ലാസ്സില്‍ കൂട്ടുകാര്‍ പഠിച്ചിട്ടുള്ള പരീക്ഷണങ്ങള്‍ പലതും നടത്തിനോക്കാനും അവധിക്കാലത്ത് ശ്രമിക്കാം. പാഠപുസ്തകത്തില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ അപ്പുറമാണ് ഇത്തരത്തില്‍ പരീക്ഷണങ്ങളിലൂടെയും മറ്റും നമുക്ക് കിട്ടുന്ന അറിവുകള്‍.
പ്രകൃതിയിലേക്കൊരു പിക്നിക്!
അവധിക്കാലത്ത് കളിയും നേരമ്പോക്കുകളും മാത്രമാക്കാതെ കൂട്ടുകാര്‍ക്ക് ചെറിയ യാത്രകളും നടത്താം. ബന്ധുവീടുകളിലേക്കോ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കോ ഒരു സന്ദര്‍ശനം നടത്താവുന്നതാണ്. എവിടെ പോയാലും അവിടുത്തെ ആളുകളെ പരിചയപ്പെടാനും ചുറ്റുപാടുകള്‍ ശ്രദ്ധിക്കാനും മറക്കരുത്. യാത്രയെക്കുറിച്ചെല്ലാം കുറിപ്പുകളും എഴുതണം. ഇനി എവിടെയും പോകാന്‍ കഴിയാത്തവര്‍ പ്രകൃതിയിലേക്ക് തന്നെ ഇറങ്ങിക്കോളൂ. വീട്ടിലെ തൊടിയോ മലയോ പുഴക്കരയോ സന്ദര്‍ശിക്കൂ. പൂക്കളെയും പൂമ്പാറ്റകളെയും മരങ്ങളെയും നിരീക്ഷിക്കാം. കണ്ണും കാതും തുറന്നുവെച്ച് ആ കാഴ്ചകള്‍ കാണാം.
Post A Comment:
0 comments: