Navigation
Recent News

പരീക്ഷണമാവില്ല പരീക്ഷ മാറ്റം ഓണപ്പരീക്ഷ മുതല്‍


സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കി തിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയും സമഗ്രമായ അഴിച്ചുപണിയാണ് വരുന്നത്. ഓഗസ്റ്റിലെ ഓണപ്പരീക്ഷ മുതല്‍ പുതിയരീതി നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് എസ്.സി.ഇ.ആര്‍.ടി.യില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.

നിരന്തരമൂല്യനിര്‍ണയത്തിന്റെ ഘടകങ്ങളും മറ്റും തീരുമാനിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. ഒരവലോകന യോഗംകൂടി ചേര്‍ന്ന് പരിഷ്‌കരണത്തിന് അന്തിമരൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍

* നിരന്തരമൂല്യനിര്‍ണയം:
ഇത് വ്യത്യസ്തഘടകങ്ങള്‍ക്കായി വിഭജിക്കും. മാര്‍ക്ക് മുഴുവനായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതാണ് വിജയശതമാനം കൃത്രിമമായി ഉയരാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. ഇതൊഴിവാക്കി ഇനി ഈ ഘടകങ്ങള്‍ വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുക.

* ചോദ്യപേപ്പറിന് നാലു ഭാഗങ്ങള്‍: എല്ലാവര്‍ക്കും ഉത്തരം എഴുതാന്‍ കഴിയുന്ന ലഘുവായവ, പാഠഭാഗത്തുനിന്ന് അറിവ് നേടാനായവര്‍ക്ക് എഴുതാന്‍ കഴിയുന്നവ, പാഠത്തിന്റെ പ്രയോഗം മനസ്സിലായവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവ, ഏറ്റവും സമര്‍ഥര്‍ക്ക് എഴുതാന്‍ കഴിയുന്നവ എന്നിങ്ങനെയാകും വിഭജനം.

* മാര്‍ക്കുനഷ്ടം കുറയ്ക്കും: ശരാശരിക്കാര്‍ക്ക് കാര്യമായ മാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അതിസമര്‍ഥര്‍ക്കുള്ള ഭാഗം കുറഞ്ഞ മാര്‍ക്കിന്റേതായിരിക്കും.

* അറിവ് അവലോകനം: ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിനുള്ള മാര്‍ക്ക് ആകെ മാര്‍ക്കില്‍ ചേര്‍ക്കില്ല. നിരന്തരമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന മാര്‍ക്ക് ശരിയായി ഇട്ടിരിക്കുന്നതാണോയെന്ന് ഇതുവഴി വിലയിരുത്താനാകും.

* ചോദ്യം തിരഞ്ഞെടുക്കാം: 25 ശതമാനം മാര്‍ക്കിന്റെ ചോദ്യം അധികമായി നല്‍കും. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുക്കാം. 100 മാര്‍ക്കിന്റെ പരീക്ഷക്ക് 125 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ശരിയുത്തരം തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിന്റെ പകുതിയാക്കും.

* വിപുലമായ ചോദ്യബാങ്ക്: ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചോദ്യബാങ്കിലുള്ളവയുടെ മാതൃകയിലാകും ചോദ്യങ്ങള്‍.

* ഓണ്‍ലൈന്‍: പ്ലസ് ടുവിന് ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും.

പരീക്ഷ കുട്ടിയെ അറിയാന്‍ - മന്ത്രി രവീന്ദ്രനാഥ്

ഭയപ്പെടുന്ന അവസ്ഥയില്‍നിന്ന് മാറ്റി കുട്ടിയെ അറിയാനുള്ള ഉപകരണമാക്കി പരീക്ഷയെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടി പഠിച്ചത് അറിയിക്കാനുള്ള അവസരമാക്കി പരീക്ഷയെ മാറ്റും. മാര്‍ക്കുദാനമെന്ന പരാതിയുണ്ടാക്കിയ നിരന്തരമൂല്യനിര്‍ണയം പാടേ ഒഴിവാക്കുന്നതിനുപകരം അത് ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share
Banner

EC Thrissur

Post A Comment:

0 comments: