Navigation
Recent News

റംസാന്‍... ഇനി വിശുദ്ധിയുടെ ദിനരാത്രങ്ങള്‍



അള്ളാഹുവില്‍ സ്വയം സമര്‍പ്പണം ചെയ്തും ചിന്തകളെയും പ്രവര്‍ത്തികളെയും ശുദ്ധീകരിച്ചും ദൈനംദിന ചെയ്തികളെ നിയന്ത്രിച്ചും പുണ്യങ്ങളുടെ പൂക്കാലത്തിന് വഴിയൊരുക്കിയും റംസാന്‍ വരവായി. ഇനി മുതല്‍ ഒരു മാസക്കാലം വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങളാണ്.

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളില്‍ നാലാമത്തേതായ റംസാന്‍ വ്രതാനുഷ്ഠാനത്തിനു പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റംസാന്‍ വിശുദ്ധിയെ ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്കു പകര്‍ന്നു നല്‍കുന്നു. പരിസര ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളാണു പൂര്‍ത്തിയായത്. വ്യക്തി-കുടുംബ-സമൂഹ ശുചിത്വത്തിന്‍റെ അനിവാര്യതയെ പ്രബലപ്പെടുത്തിയുള്ള റംസാന്‍ മുന്നൊരുക്ക ക്ലാസുകളും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

ഹിജ്റ രണ്ടാം വര്‍ഷത്തില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്കും സമൂഹത്തിനും നിര്‍ബന്ധമാക്കപ്പെട്ട റംസാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയുണര്‍ത്തി മഹല്ലുകളില്‍ ജുമാ അത്ത് കമ്മിറ്റികളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ റംസാന്‍ ആശ്വാസ വിതരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.

റംസാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ വരവറിയിച്ച് ചന്ദ്രക്കല മാനത്ത് തെളിഞ്ഞതോടെ ഒരു മാസം നീളുന്ന നോമ്പനുഷ്ഠാനം ആരംഭിച്ചു. സുബഹി (പ്രഭാതം) മുതല്‍ മഗ്രിബ് (പ്രദോഷം) വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കിയും മനസുകൊണ്ടും പ്രവൃത്തികൊണ്ടും അള്ളാഹുവില്‍ ആരാധന പെരുപ്പിച്ചുമാണ് മുസ്ലികള്‍ നോമ്പനുഷ്ഠിക്കുന്നത്.

ഇസ്ലാംമത വിശ്വാസികളുടെ പ്രാമാണിക ഗ്രന്ഥമായ വിശുദ്ധ ഖൂര്‍ആനിന്‍റെ അവതരണം കൊണ്ടും തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ബദര്‍ യുദ്ധമടക്കമുള്ള മഹദ് സംഭവങ്ങള്‍ കൊണ്ടും വിശ്വാസികള്‍ക്കു വഴിയും മാര്‍ഗവുമൊരുക്കിയ റംസാന്‍ അനുഗ്രഹത്തിന്‍റെയും പ്രാര്‍ഥനാ ഫലപ്രാപ്തിയുടെയും മാസമായാണു കരുതപ്പെടുന്നത്. അള്ളാഹുവില്‍നിന്നുള്ള അനുഗ്രഹവും ജീവിത വിജയങ്ങളും ഏറ്റവും കൂടുതലായി പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുല്‍ ബദ്ര്‍, ദാനധര്‍മാനുഷ്ഠാനങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കുന്ന ഇരുപത്തേഴാം രാവ് എന്നിവയും റംസാന്‍റെ ശ്രേഷ്ഠത വര്‍ധിപ്പിക്കുന്നു. റംസാനിലെ 30 നാളുകളെ മൂന്നു പത്തുകളായി വിഭജിച്ച് ഒന്നാം പത്തില്‍ അനുഗ്രഹലബ്ദിക്കും രണ്ടാം പത്തില്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനും മൂന്നാം പത്തില്‍ നരകമോചനത്തിനുമാണ് വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്. ഒന്നും രണ്ടും പത്തുകളെ അപേക്ഷിച്ച് മൂന്നാം പത്തില്‍ പള്ളികളില്‍ ഭജന ഇരുന്ന് പ്രാര്‍ഥനയും ആരാധനയും പെരുപ്പിക്കാനും അവര്‍ തയാറെടുക്കും.

ജില്ലയിലെ പള്ളികളിലും പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും നോമ്പിനോടനുബന്ധിച്ച് വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമൂഹ നോമ്പുതുറ, തറാവീഹ് (രാത്രി നമസ്കാരം), പ്രഭാഷണം എന്നിവക്കു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, രോഗീസന്ദര്‍ശനം, വിശ്വാസവിതരണം, റംസാന്‍ സദസുകള്‍, ഖുര്‍ആന്‍ പഠന ക്യാമ്പുകള്‍, ഇഫ്താര്‍ വിരുന്നുകള്‍ എന്നിവയും നടക്കും. 30 ദിവസം നീളുന്ന പ്രഭാഷണങ്ങള്‍ക്കും നമസ്കാരത്തിനും ഖത്തീബുമാരാണ് നേതൃത്വം നല്കുക.


NEWS DEEPIKA, PHOTO : ALLENBWEST.COM
Share
Banner

EC Thrissur

Post A Comment:

0 comments: