ലാല്‍ജോസ്
പാവറട്ടിയുമായി എനിക്ക് ഏറെ ഇഴയടുപ്പുമുണ്ട്. എന്‍റെ അമ്മവീട് പാവറട്ടിയിലാണ്. പാവറട്ടി തിരുനാളും ഔസേപ്പിതാവും എന്‍റെ ജീവിതത്തെ നന്നായി സ്പര്‍ശിച്ചിട്ടുണ്ട്. അവധിക്കാലത്തോടൊപ്പം കടന്നുവരുന്ന വലിയ പെരുനാള്‍. പെരുനാളിന്‍റെ തിരക്കും, മിന്നിമറയുന്ന കുഞ്ഞു ബള്‍ബുകളും, ചെണ്ടവാദ്യവും, ബാന്‍റ്സെറ്റും ചുവന്നമിഠായിയും ആകാശത്ത്നിന്നും വരിഞ്ഞിറങ്ങുന്ന അമിട്ടും ഒക്കെ ബാല്യകാലത്തിന്‍റെ നിറമുളള ഓര്‍മ്മകളാണ്.
അന്ന് എന്‍റെ ജീവിതത്തില്‍ വിശുദ്ധ ഔസേപ്പിതാവ് അല്‍ഭുതകരമായി ഇടപെട്ട ഒരു സംഭവമുണ്ടായി. മൂന്നാം ക്ലാസിലോ നാലം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് എല്ലാവരേയും പേടിപ്പിച്ച ആ സംഭവം. പെട്ടെന്ന് വന്നു കൂടിയ അസുഖത്തിനുമുന്നില്‍ എല്ലാവരും പേടിച്ചുപോയി. എന്ത് ചെയ്യുമെന്നറിയാതെ വീട്ടുകാരൊക്കെ വേദനിച്ചു. വൈദ്യന്‍മാരൊക്കെ നിസഹായരായി. അസുഖം കുറയുന്നതിനുപകരം ഓരോ ദിവസവും കൂടിക്കൂടിവന്നു.
പ്രാര്‍ത്ഥനയുടേയും നേര്‍ച്ചകാഴ്ചകളുടെയും ദിനങ്ങള്‍. വീട്ടില്‍ എന്ത് സംഭവിച്ചാലും അമ്മ ആശ്രയിക്കുക പാവറട്ടിയിലെ വിശുദ്ധ ഔസേപ്പിതാവിനെയായിരുന്നു. എന്‍റെ രോഗാവസ്ഥയില്‍ അമ്മ ഔസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം തേടി.
പതിനാറ് വയസ്സുവരെ ഔസേപ്പിതാവിന്‍റെ അടിമയിരുത്താന്‍ അമ്മ നേര്‍ച്ച നേര്‍ന്നു. അങ്ങനെ ആ അസുഖത്തില്‍ നിന്നും അല്‍ഭുതകരമായി ഞാന്‍ രക്ഷപ്പെട്ടു.
തുടര്‍ന്നുളള എല്ലാ വര്‍ഷവും പാവറട്ടിയിലെ വിശുദ്ധന്‍റെ സന്നിധാനത്തില്‍ അടിമയിരിക്കാന്‍ ഞാനെത്താറുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ പാവറട്ടിയിലെ ഔസേപ്പിതാവിന്‍റെ അടിമയാണ്.
Post A Comment:
0 comments: