Navigation
Recent News

പാവറട്ടി തിരുനാള്‍; പഞ്ചായത്ത്‌ തല സുരക്ഷാവലോകനയോഗം ചേര്‍ന്നു



വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 140 തിരുനാളിനോടനുബന്ധിച്ച് പാവറട്ടി പഞ്ചായത്തില്‍ സുരക്ഷാവലോകനയോഗം ചേര്‍ന്നു. 15, 16, 17 തീയതികളിലാണ് തിരുനാളാഘോഷം.

സര്‍ക്കാര്‍ വകുപ്പുകളായ പോലീസ്, എക്‌സൈസ്, ആരോഗ്യവിഭാഗം, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, തീര്‍ത്ഥകേന്ദ്രം ട്രസ്റ്റി, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. 

സുരക്ഷയുടെ ഭാഗമായി ഗുരുവായൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നായി 200 പോലീസുകാര്‍ തിരുനാളിനോടനുബന്ധിച്ചുണ്ടാകും. ഗതാഗതനിയന്ത്രണം കര്‍ശനമാക്കും. വെടിക്കെട്ട് ഒരുക്കത്തിലും പോലീസ് പരിശോധനയും സുരക്ഷയും ഉറപ്പാക്കും. പാവറട്ടിയുടെ പ്രധാനകേന്ദ്രങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കും. വ്യാജമദ്യം തടയുന്നതിനും കൂടിവരുന്ന ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിനും എക്‌സൈസ് പരിശോധന കര്‍ശനമാക്കും. ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കുകിട്ടുന്ന വിവരം എക്‌സൈസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തെ അറിയിക്കുവാനും നിര്‍ദ്ദേശമുണ്ട്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രധാന ഹോട്ടലുകള്‍, ശീതളപാനീയകേന്ദ്രങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. പഞ്ചായത്തിന്റെ കീഴിലുള്ള കിണറുകളില്‍ ശുദ്ധജലം നിറയ്ക്കും. ശുദ്ധജല പരിശോധന കര്‍ശനമാക്കും. 24 മണിക്കൂറും ആരോഗ്യവകുപ്പിന്റെ സേവനം ഉണ്ടാകും. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ്ബന്ധമാക്കുവാനും തീരുമാനമുണ്ട്.

കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തില്‍ വൈദ്യുതിവിതരണം സുഗമമാക്കും. അപകടകരമായി ലൈന്‍കമ്പികളിലേക്ക് ചാഞ്ഞുനില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റും. ട്രാന്‍സ്‌ഫോര്‍മറുകള്‍ പരിശോധിക്കും.

പി.ഡബ്ല്യു.ഡി.വിഭാഗത്തില്‍നിന്ന് വേണ്ട സഹായസഹകരണങ്ങളുണ്ടാകും. പാവറട്ടിയോടടുത്തുകിടക്കുന്ന സമീപ പഞ്ചായത്തില്‍ ജലനിധി പദ്ധതിക്കായി റോഡ് കുഴിയെടുക്കാന്‍ വെട്ടിപ്പൊളിച്ചത് യാത്രക്കാര്‍ക്ക് ദുരിതമാകുമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ ഈ വിഷയത്തില്‍ താത്കാലിക നടപടിയെടുക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തധികൃതര്‍ക്ക് കത്ത് നല്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പഞ്ചായത്തു പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ അധ്യക്ഷനായി. പാവറട്ടി എസ്‌ഐ എസ്. അരുണ്‍, ചാവക്കാട് റേഞ്ച് അസി.എക്‌സൈസ്സ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുള്‍ ജമാല്‍, പാവറട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എഫ്. മാഗി, മുല്ലശ്ശേരി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഉമ കെ. ശങ്കര്‍, ഡോ. വി.സി. കിരണ്‍, ജെഎച്ച്‌ഐ എ.ജെ. ഷെറി, കെ.എസ്.ഇ.ബി. പാവറട്ടി സെക്ഷന്‍ അസി.എന്‍ജിനിയര്‍ ടി.എ. സുരേഷ്, ചാവക്കാട് പി.ഡബ്ല്യു.ഡി. അസി.എന്‍ജിനിയര്‍ ജോയി പഴുന്നാന, പള്ളി ട്രസ്റ്റിമാരായ അഡ്വ. ജോബി ഡേവിഡ്, പി.ഐ. ഡേവിസ്, ജനപ്രതിനിധികളായ സി.പി. വത്സല, അബു വടക്കയില്‍, കെ. ദ്രൗപതി, മേരി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Share
Banner

EC Thrissur

Post A Comment:

0 comments: