Navigation
Recent News

അനുഭവം പ്രവചനമാകുമ്പോൾ... മുരളി തുമ്മാരുകുടി

A view of the Idukki Dam as water level continued to rise in the reservoir in Iduki dam area of Kerala.(PTI)

കേരളത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാകും എന്ന തരത്തിൽ ഒരു മുന്നറിയിപ്പോട് കൂടി ഉള്ള എൻറെ രണ്ടായിരത്തി പതിമൂന്നിലെ ഒരു പോസ്റ്റ് ഇപ്പോൾ വൈറൽ ആയല്ലോ. ഈ വർഷം ജൂണിന് ശേഷം എഴുതിയ പല പോസ്റ്റുകളും ഇത്തരത്തിൽ വളരെ കൃത്യമായി കാര്യങ്ങളെ പ്രവചിച്ചിരുന്നു.

താഴെ ഉള്ളത് ജൂലൈ ഇരുപത്തി ഏട്ടിലെ - ആലുവയിൽ നദിയുടെ ഒരു കിലോമീറ്റർ അപ്പുറത്ത് പോലും വെള്ളം എത്താമെന്നും എങ്ങനെയാണ് അതിന് മുൻപേ രക്ഷപെടാൻ പ്ലാൻ ചെയ്യേണ്ടത് എന്നുമുള്ള പോസ്റ്റാണ്.

ഇതൊക്കെ ഞാൻ ഇപ്പോൾ പറയുന്നത് "ഞാൻ ഇതൊക്കെ അന്നേ പറഞ്ഞതാണ്" എന്ന് പറഞ്ഞു മേനി നടിക്കാനോ, ആരെയും കുറ്റപ്പെടുത്താനോ അല്ല. അതുകൊണ്ട് എനിക്കെന്തു പ്രയോജനം.
മറിച്ച്, അന്ന് ഞാൻ പറഞ്ഞ വാക്കുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാലും വായിച്ചവർ പോലും സീരിയസ് ആയി എടുക്കാത്തതിനാലും ഒഴിവാക്കാവുന്ന അനവധി മരണങ്ങൾ ഉണ്ടായി (ഉണ്ടാകുമായിരുന്ന കുറച്ചു മരണങ്ങൾ ഒഴിവായിക്കാണും എന്നും കരുതട്ടെ). ഇപ്പോൾ ഞാൻ എഴുതുന്ന കാര്യങ്ങളും അതുപോലെ ആളുകൾ ശ്രദ്ധിക്കാതെ പോയാൽ രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും ഒഴിവാക്കാവുന്ന അപകടവും മരണവും ഉണ്ടായി എന്ന് ഞാൻ വിഷമിക്കേണ്ടി വരും.
കേരളത്തിലെ വെള്ളപ്പൊക്കത്തെ പറ്റി ഇത്ര കൃത്യതയോടെ ഞാൻ എഴുതുന്നത് പ്രവചനം അല്ല, മറിച്ച് ലോകത്ത് അനവധി സ്ഥലങ്ങളിൽ ഇപ്പോൾ നമ്മൾ കേരളത്തിൽ കാണുന്നതിലും വൻ ദുരന്തങ്ങൾ കണ്ടും കൈകാര്യം ചെയ്തുമുള്ള പരിചയം കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ ഇന്ന് നിങ്ങൾക്ക് അത്ര പ്രാധാന്യമില്ല എന്ന് തോന്നിയാലും കൂടുതൽ സീരിയസ് ആയി എടുക്കാൻ ശ്രമിക്കണം.
--------------------------------------
അണ തുറക്കുന്ന ജാഗ്രത.. (July 28)
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2392 അടി എത്തിയെന്നും, അത് 2400 അടിയായാൽ അധികമായി എത്തുന്ന ജലം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണെന്നും അതിനാൽ ചെറുതോണി/പെരിയാർ നദികളുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നുമുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നോട്ടീസ് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കണ്ടു.
പെരിയാർ/ചെറുതോണി നദികളുടെ ഇരുകരകളിലും ഉള്ളവരാണ് ജാഗ്രത പാലിക്കേണ്ടത്.

ഇരു കരകളിലും എന്ന് പറഞ്ഞാൽ ?

നദിയുടെ കരയിൽ വീടുള്ളവർ ? നൂറുമീറ്ററിന് അകത്തുള്ളവർ? ഒരു കിലോമീറ്ററിന് അകത്തുള്ളവർ ?
(വാസ്തവത്തിൽ നദിയിൽ നിന്നുള്ള ദൂരമല്ല വെള്ളപ്പൊക്കത്തിൽ പ്രധാന ഘടകം, നിങ്ങളുടെ വീട് നദിയിൽ നിന്നും എത്ര ഉയരത്തിൽ ആണെന്നാണ്. അപ്പോൾ ഇടുക്കി മുതൽ മലയാറ്റൂർ വരെ കുന്നുകളുടെ ഇടയിലൂടെ നദി ഒഴുകുമ്പോൾ നദിയുടെ അമ്പതോ നൂറോ മീറ്ററിൽ പോലും വെള്ളം കയറിയില്ല എന്ന് വരും, കാലടിയും കഴിഞ്ഞു ആലുവയിൽ എത്തുമ്പോൾ അത് ഒരു കിലോമീറ്റർ കടന്നാലും അതിശയം ഇല്ല).

സുരക്ഷാ വിഷയങ്ങളെപ്പറ്റി ഒരു നിർദ്ദേശം കൊടുക്കുമ്പോൾ അത് വായിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആയിരിക്കണം. അല്ലെങ്കിൽ അത് സുരക്ഷിതമാക്കുന്നത് നിർദ്ദേശം കൊടുക്കുന്നവരുടെ ജോലിയെ മാത്രമാണ്. നാളെ എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് പറയാമല്ലോ ഞങ്ങൾ ഇരുപത്തി അഞ്ചാം തീയതി തന്നെ ജാഗ്രതാ നിർദ്ദേശം കൊടുത്തിരുന്നു എന്ന്.
ഞാൻ ഇപ്പോൾ പെരുമ്പാവൂരിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നത് വെച്ചു ചില നിർദ്ദേശങ്ങൾ പറയാം. ഇതൊരു ഔദ്യോഗിക നിർദ്ദേശം ആയി എടുക്കേണ്ട, പക്ഷെ പ്രയോഗിക്കാമെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ മടിക്കേണ്ട.

1. വീടിനോ വീടിനടുത്തോ ഉള്ള ഏറ്റവും പ്രായമായവരോട് പണ്ടെന്നെങ്കിലും നിങ്ങളുടെ വീടിനടുത്ത് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുക. ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ എവിടെ വരെ? ഏതു പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയി? എന്നൊക്ക അറിഞ്ഞു വക്കുക. പുഴകൾ ഇടക്കിടക്ക് അതിരുകൾ തിരിച്ചു പിടിക്കുന്ന കഥ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.

2. നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയോ പുഴയിലേക്ക് എത്തുന്ന തോടോ ഉണ്ടോ എന്ന് പരിശോധിക്കുക. നാട്ടുകാരല്ലാത്തവരും ഫ്ലാറ്റിൽ താമസിക്കുന്നവരുമായി ഉറപ്പില്ലാത്തവർ ഗൂഗിൾ ഏർത്ത് നോക്കുക.

3. മുൻപ് പറഞ്ഞ ഗവേഷണത്തിൽ നിന്നും നിങ്ങളുടെ വീട്ടിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ, നിങ്ങളുടെ വീടിനകത്ത് വെള്ളം കയറിയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക. വീടിനകത്തുള്ള വസ്തുക്കൾ നശിച്ചു പോകാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും? കാറുണ്ടെങ്കിൽ അത് എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റുന്നത് ? (ചെന്നൈ വെള്ളപ്പൊക്കത്തിൽ ഫ്ലാറ്റിൽ ജീവിക്കുന്നവരുടെ ആയിരക്കണക്കിന് കാറുകളാണ് വെള്ളം കയറി ഡാമേജ് ആയത്).

4. വെള്ളം കയറുന്നതിനാൽ രണ്ടു ദിവസം മാറിനിൽക്കേണ്ടി വന്നാൽ ആരുടെ അടുത്തേക്കാണ് പോകുന്നത് ? അവരവിടെ ഉണ്ടോ എന്നന്വേഷിക്കുക.

5. അണക്കെട്ട് തുറന്നു എന്ന് അറിയിപ്പ് വന്നാൽ നിങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തു പോകാനുള്ള വഴികൾ ഏതാണ്, അവ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുണ്ടോ?

6. വെള്ളം കാരണം രണ്ടു ദിവസത്തേക്ക് ഫ്ലാറ്റിൽ നിന്നും പുറത്തു പോകാൻ പറ്റാതെ വന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് വേണ്ടത്? ഭക്ഷണം? വെള്ളം? മരുന്നുകൾ? സാനിറ്ററി നാപ്കിൻ? ബിവറേജസ്?

7. വെള്ളം പൊങ്ങുന്നത് പലപ്പോഴും വളരെ പെട്ടെന്നാണ്. അങ്ങനെ സംഭവിച്ചാൽ വീട് വിട്ടു പോകേണ്ടി വന്നാൽ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ വീട്ടിലുണ്ടോ ? (പ്രായമായവർ, ഭിന്നശേഷി ഉള്ളവർ, രോഗികൾ).

8. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ വീടിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും?

9. വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്?

10. രണ്ടു ദിവസം വൈദ്യുതി ഇല്ലാതായാൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനം എന്താണ്?

11. രാത്രി ഉറങ്ങുമ്പോൾ അപായ സൂചന വന്നാൽ എങ്ങനെയാണ് നിങ്ങൾ അറിയുന്നത്?

12. പുഴയുടെ അടുത്തും അണക്കെട്ടിന്റെ അടുത്തും നമുക്കറിയാവുന്ന ആരെങ്കിലും ഉണ്ടോ? വെള്ളം അവിടെ ഉയർന്നാൽ നമുക്ക് ഒരു മുന്നറിയിപ്പ് തരണമെന്ന് അവരോട് പറഞ്ഞു വെക്കാമല്ലോ.

13. അണക്കെട്ട് തുറന്നു എന്നോ വെള്ളം പൊങ്ങി എന്നോ വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചാൽ എങ്ങനെയാണ് അത് സത്യമാണോ എന്ന് പരിശോധിക്കുന്നത്?

14. വീട്ടിൽ നിന്നും നമ്മളോ കുട്ടികളോ പുറത്തു പോയതിന് ശേഷമാണ് വെള്ളം പൊങ്ങിയതെങ്കിൽ അവരെ എങ്ങനെ അറിയിക്കും, അവർ എവിടേക്കാണ് പോകേണ്ടത്?

15. വീട്ടിലെ ആരെങ്കിലും കൂടുതൽ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് ജോലിക്കോ പഠിക്കാനോ പോകുന്നുണ്ടോ ?
ഇത്രയും കാര്യങ്ങൾ സ്വയം ചിന്തിക്കുക, വിഷയം വീട്ടിൽ ഉള്ളവരുമായി ചർച്ച ചെയ്യുക. വേണ്ടത്ര മുൻകരുതലുകൾ വ്യക്തിപരമായും കുടുംബമായും എടുക്കുക.

ഇതെല്ലാം വ്യക്തിപരമായി ചിന്തിച്ചു മുൻകരുതൽ എടുത്തതിന് ശേഷം വിഷയം നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ ഉന്നയിക്കുക. സാധാരണ മിക്കവാറും പേർ ചിരിച്ചു തള്ളുകയോ നിസാരമായി കാണുകയോ ചെയ്യും. പക്ഷെ അവർ താല്പര്യം കാണിച്ചാൽ മുൻപ് പറഞ്ഞ പ്രധാന ചോദ്യങ്ങളെല്ലാം വ്യക്തിഗത രൂപത്തിൽ നിന്നും അസോസിയേഷന്റെ തലത്തിൽ ചോദിക്കുക. വെള്ളം പൊങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ ഒരു സംവിധാനം അസോസിയേഷൻ തലത്തിൽ ഉണ്ടാക്കുക. അതിൽ മുന്നറിയിപ്പ് തൊട്ടു റെസ്ക്യൂ വരെയുള്ള കാര്യങ്ങൾക്ക് ടീമുകൾ ഉണ്ടാക്കണം.

ഇതൊക്കെ അല്പം ഓവർ അല്ലേ ചേട്ടാ എന്ന് ചോദിക്കാം. ഞാൻ എപ്പോഴും പറയുന്ന പോലെ ‘The more you sweat in peace, the less you bleed in war’ എന്നത് തന്നെയാണ് അടിസ്ഥാനം. ഒരു മഴ വരാൻ വഴിയുണ്ടെങ്കിൽ പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതിയത് കൊണ്ട് കുഴപ്പമില്ലല്ലോ. മഴ വന്നാൽ നമ്മൾ തയ്യാറാണ്, മഴ വന്നില്ലെങ്കിൽ കുട തിരിച്ചു വീട്ടിൽ വെക്കാം.

മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു തയ്യാറെടുപ്പ് വ്യക്തിപരമായും കുടുംബമായും റെസിഡന്റ് അസോസിയേഷൻ വഴിയും ചെയ്തുകഴിഞ്ഞാൽ അത് ഇപ്പോൾ അണക്കെട്ട് തുറന്നാലും ഇല്ലെങ്കിലും ഭാവിയിൽ ഗുണകരമാകും, സംശയം വേണ്ട.

ജാഗ്രതൈ, സുരക്ഷിതരായിരിക്കൂ...


മുരളി തുമ്മാരുകുടി
Share
Banner

EC Thrissur

Post A Comment:

0 comments: