Navigation
Recent News

യുവാക്കളുടെ കൂട്ടായ്മയില്‍ കുട്ടികളുടെ പാര്‍ക്ക്‌

ചാവക്കാട്: ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസ് കടപ്പുറത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് ഒരുങ്ങി. അധികം സാമ്പത്തികച്ചെലവില്ലാതെ പ്രകൃതിയില്‍നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുളകെട്ടിയുള്ള ഊഞ്ഞാലുകളും തണലിലിരുന്ന് വിശ്രമിക്കാന്‍ മേല്‍ക്കൂര കെട്ടിയ ഇരിപ്പിടങ്ങളും പാര്‍ക്കിലൊരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ടാങ്കില്‍ വളര്‍ത്തുമത്സ്യങ്ങളുമുണ്ട്. കടലേറ്റത്തില്‍ കടപുഴകിയ തെങ്ങിന്‍തടികളും കാറ്റാടിമരങ്ങളും ഉപയോഗിച്ചാണ് പാര്‍ക്കിനു ചുറ്റും കെട്ടിത്തിരിച്ചിട്ടുള്ളത്. റോഡില്‍നിന്ന് പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തിക്കു മുകളില്‍ പണിത താത്കാലിക പാലവും മരത്തടിയുപയോഗിച്ച് മനോഹരമായി കെട്ടിയൊരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഷീറ്റ്, വൈക്കോല്‍ എന്നിവ ഉപയോഗിച്ചുള്ള ഏതാനും ഹട്ടുകളും പാര്‍ക്കിലുണ്ട്. കടലിറങ്ങി കര രൂപപ്പെട്ട സ്ഥലത്താണ് പാര്‍ക്ക് പണിതിട്ടുള്ളത്. കടലേറ്റം ശക്തമായാല്‍ പാര്‍ക്കിനെ ബാധിക്കുമെന്ന ആശങ്കയും യുവാക്കള്‍ക്കില്ലാതില്ല. കടലോരത്തേക്ക് ഇറങ്ങാന്‍ പാര്‍ക്കില്‍നിന്ന് ചെറിയ കവാടവുമുണ്ട്. യുവാക്കള്‍ത്തന്നെയാണ് പാര്‍ക്കിന്റെ എല്ലാപ്പണികളും നടത്തുന്നത്.
വൈകിട്ട് കടലോരത്ത് ഒത്തുകൂടുന്ന യുവാക്കളുടെ കൂട്ടായ്മയിലാണ് പാര്‍ക്കെന്ന ആശയം ഉയര്‍ന്നത്. വൈകാതെ പാര്‍ക്കിന്റെ പണികളും ആരംഭിക്കുകയായിരുന്നു. തൊട്ടാപ്പ് കടപ്പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ലൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പാര്‍ക്കിലിരുന്നുകൊണ്ടുതന്നെ കടലില്‍ ചെറുവഞ്ചിക്കാരുടെ മീന്‍പിടിത്തം കാണാം. പിടിച്ച് അധികം നേരമായിട്ടില്ലാത്ത മത്സ്യം വാങ്ങി വീടുകളിലേക്കു മടങ്ങുകയും ചെയ്യാം.
ഒഴിവുദിവസങ്ങളില്‍ പാര്‍ക്കില്‍ ധാരാളംപേര്‍ എത്തുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും തീരുമാനമുണ്ട്. കടപ്പുറം പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ക്ക് എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടലോരത്ത് കുട്ടികളുടെ പാര്‍ക്ക് പണിയുന്നത് അത്ര പ്രായോഗികമല്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. വന്‍ സാമ്പത്തികച്ചെലവു വരുന്ന പദ്ധതി കടലേറ്റത്തില്‍ തകരാന്‍ സാധ്യത കൂടൂതലാണ്.
അധികം മുടക്കുമുതലില്ലാതെ ഇത്തരം കൂട്ടായ്മകളുടെ സംരംഭങ്ങളേ ഫലവത്താവൂ. കോണ്‍ക്രീറ്റ് പോലെയുള്ളവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ വര്‍ഷകാലത്ത് നശിച്ചാലും ഏറെ ബുദ്ധിമുട്ടില്ലാതെ വീണ്ടും പണിതുയര്‍ത്താവുന്ന ലളിതമായ രീതിയാണ് യുവാക്കള്‍ സ്വീകരിച്ചത്.


news http://www.mathrubhumi.com/
Share
Banner

EC Thrissur

Post A Comment:

0 comments: